ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നിരിക്കുകയാണ് സിനിമാ ലോകം. രാജ്യം കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളുടെ വിയോഗത്തിലുള്ള ദുഖം രേഖപ്പെടുത്തുകയാണ് സിനിമാ ലോകവും ആരാധകരും. മലയാള നടന്മാരിൽ ഇർഫാനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായ താരമാണ് ദുൽഖർ സൽമാൻ. തന്റെ ആദ്യ ഹിന്ദി ചിത്രമായ കർവാനിൽ ദുൽഖറിനൊപ്പം പ്രധാന വേഷത്തിൽ ഇർഫാനുമുണ്ടായിരുന്നു. ഇർഫാന് വികാരഭരിതനായാണ് ദുൽഖർ യാത്രാമൊഴി രേഖപ്പെടുത്തിയത്. തനിക്കിത് വിശ്വസിക്കാനാകുന്നില്ലെന്ന് ദുൽഖർ പറഞ്ഞു.
"മഹത്തായ പ്രതിഭ, ഇതിഹാസ താരം, രാജ്യാന്തര സിനിമാതാരം ഒക്കെയായിരുന്നു നിങ്ങൾ. എന്നിട്ടും, കർവാനിലെ എല്ലാവരെയും നിങ്ങൾ കണ്ടുമുട്ടിയ എല്ലാവരെയും ഒന്നുപോലെ കണ്ടു. നിങ്ങളുടെ സ്വഭാവത്തിലൂടെ, നമ്മളെല്ലാം ഒരു കുടുംബമാണെന്ന് ഞങ്ങൾക്ക് അനുഭവപ്പെട്ടു. നിങ്ങൾ ദയാലുവും രസികനും ജിജ്ഞാസുവും പ്രചോദകനും അനുകമ്പയുളളവനും തമാശക്കാരനുമായിരുന്നു. ഒരു ആരാധകനും വിദ്യാർത്ഥിയും എന്ന പോലെയാണ് ഞാൻ നിങ്ങളെ മുഴുവൻ സമയവും നിരീക്ഷിച്ചിരുന്നത്. ഷൂട്ടിംഗിലുടനീളം എന്റെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു, അതിന് നിങ്ങൾക്ക് നന്ദി. ഞാനെപ്പോഴും ചിരിച്ചു, മുഖത്തോട് മുഖം നോക്കാൻ പാടുപെട്ടു, അതിനാൽ പലപ്പോഴും നിങ്ങളെ ഉറ്റു നോക്കി. അപ്പോഴൊക്കെ പകരമായി നിങ്ങളുടെ മുഖത്ത് ആ പുഞ്ചിരി ഉണ്ടായിരുന്നു. സന്തോഷം നല്‍കുന്ന ആ ചിരി. മിക്കവാറും എല്ലായ്പ്പോഴും നിങ്ങൾ എന്നെ ആശ്ചര്യപ്പെടുത്തി. അങ്ങനെയാണ് ഞാൻ നിങ്ങളെ എപ്പോഴും ഓർമ്മിക്കുന്നത്," ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു