കൊല്ലം: ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ പേപ്പർ മില്ലുകൾ അടഞ്ഞുകിടക്കുന്നതുകാരണം പത്രവ്യവസായം പ്രതിസന്ധിയിലാകാതിരിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി കേന്ദ്ര വ്യവസായ മന്ത്രി പ്രകാശ് ജാവദേക്കറിന് നിവേദനം നൽകി. കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് എം.പിയുടെ ഇടപെടൽ.
ന്യൂസ് പ്രിന്റ് ഉത്പാദനം പൂർണമായി നിലച്ചാൽ അത് തമിഴ്നാട്ടിലെയും കേരളത്തിലെയും പത്രവ്യവസായത്തെ സാരമായി ബാധിക്കുമെന്ന് ഫാക്‌സ് സന്ദേശത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ നടപടിയെടുക്കണം: കെ.സുധാകരൻ
തമിഴ്നാട്ടിലെ പേപ്പർമില്ലുകൾ തുറന്നുപ്രവർത്തിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും എം.പിയുമായ കെ. സുധാകരൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് ഉടൻ കത്തുനൽകുമെന്നും അദ്ദേഹം പറഞ്ഞു.
അവശ്യസർവീസായി പരിഗണിക്കണം: ഹൈബി ഈഡൻ
ന്യൂസ് പ്രിന്റ് ഉത്പാദനം അവശ്യസർവീസായി പരിഗണിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. പത്രസ്ഥാപനങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കാതെ നോക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.