c
ജനങ്ങൾ കണ്ടറിഞ്ഞ തെളിമയുടെ രാഷ്ട്രീയം

വിദ്യാർത്ഥി നേതാവായിരിക്കെ വർഷങ്ങൾക്ക് മുമ്പ് നിരാഹാരസമരം നടത്തി നാടിന്റെ ആവശ്യം നേടിയെടുത്തതോടെയാണ് പൊതുസമൂഹം ദിനേശ് ബാബുവിനെ ശ്രദ്ധിച്ച് തുടങ്ങിയത്. സുനാമി, ഓഖി, പ്രളയം, ഇപ്പോൾ കൊവിഡ് കാലത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ഇദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമാണ്

പത്ത് വർഷം മുമ്പ് ഇതുപോലൊരു വേനൽക്കാലത്താണ് ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് നിരാഹാര സമരം തുടങ്ങിയത്. ആശുപത്രിക്ക് മുന്നിലെ സമരപ്പന്തലിൽ ഒരാഴ്‌ചയിലേറെ പട്ടിണി കിടന്ന് അവശനായ ദിനേശ് ബാബു എന്ന വിദ്യാർത്ഥി നേതാവിനെ പൊതുസമൂഹം താൽപ്പര്യത്തോടെ ശ്രദ്ധിച്ച് തുടങ്ങിയത് അന്നാണ്.

ആറ് ഡോക്ടർമാർ മാത്രമുണ്ടായിരുന്ന ആശുപത്രിയിൽ 12 ഡോക്ടർമാരുടെ കൂടി സേവനം ഉറപ്പാക്കാൻ ദിനേശ് ബാബുവിന്റെ നേതൃത്വത്തെ അടയാളപ്പെടുത്തിയ ആ സമരത്തിനായി. ശാസ്‌താംകോട്ട തടാക സംരക്ഷണം, താലൂക്ക് ആശുപത്രി വികസനം, പടിഞ്ഞാറെ കല്ലടയിലെ മണൽക്കൊള്ളയ്ക്കെതിരായ പ്രതിരോധം തുടങ്ങി എണ്ണമറ്റ ജനകീയ വിഷയങ്ങളിൽ ദിനേശ് ബാബുവിന്റെ ഇടപെടലുകളുടെ രാഷ്ട്രീയം നാട് നേരിട്ടറിഞ്ഞു. ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിൽ നിന്ന് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി വരെയുള്ള മുന്നേറ്റത്തിന് വഴിയൊരുക്കിയത് ജനകീയ വിഷയങ്ങളിലെ അടിപതറാത്ത നിലപാടുകളായിരുന്നു.

2004ൽ ഡി.ബി കോളേജിലെ ഡിഗ്രി പഠനം ആരംഭിച്ച സമയത്തായിരുന്നു സുനാമി തിരകൾ ആലപ്പാട്ടെ തീരദേശത്തെ ഒന്നാകെ കവർന്നത്. ഒരു മാസത്തിലേറെ സുമാനി ബാധിത മേഖലകളിൽ തങ്ങി ദിനേശ് ബാബു ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഇന്ന് കൊവിഡ് മാഹാമാരി നാടിനെ ഭയപ്പെടുത്തുമ്പോൾ സമാനതകളില്ലാത്ത ഇടപെടലുകളുമായി ഇദ്ദേഹം ജനങ്ങൾക്കിടയിലാണ്. പ്രളയകാലത്തും ഓഖി ദുരന്ത സമയത്തും സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിച്ച് ദുരിത ബാധിതർക്ക് സഹായം നൽകാൻ ദിനേശ് ബാബുവിനായി. കൊവിഡ് കാലത്ത് ഭക്ഷണം കിട്ടാതായ ആയിരങ്ങൾക്ക് ഭക്ഷണം എത്തിച്ച് നൽകിയ യൂത്ത് കിച്ചൺ, പ്രവാസി കുടുംബങ്ങളുടെ സങ്കട നിവേദനങ്ങളുമായി കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ സൈക്കിൾ റാലി, സംസ്ഥാനത്തിന് പുറത്തുനിന്ന് വരെ ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ച ഇടപെടൽ തുടങ്ങി ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളുടെ അമരത്ത് ദിനേശ് ബാബുവുണ്ട്.

ശാസ്താംകോട്ട മനക്കരയിലെ പഴയ കോൺഗ്രസ് വാർഡ് പ്രസിഡന്റായ അച്ഛൻ ശ്രീധരൻപിള്ളയ്ക്കും അമ്മ ചന്ദ്രികാദേവിക്കും ഒപ്പം ശാസ്താംകോട്ടയിലാണ് താമസം. അവിവാഹിതനായ ഇദ്ദേഹം ഇപ്പോൾ നിയമ വിദ്യാർത്ഥിയാണ്.

രാഷ്ട്രീയ വഴികൾ ഇങ്ങനെ

 ശാസ്താംകോട്ട ഡി.ബി കോളേജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്

 കെ.എസ്.യു കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി

 കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്

 ശാസ്താംകോട്ട ഡി.ബി കോളേജ് യൂണിയൻ ഭാരവാഹി

 യൂത്ത് കോൺഗ്രസ് മാവേലിക്കര പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി

യൂത്ത് കോൺഗ്രസ് മാവേലിക്കര പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ്

 കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യൂത്ത് കമ്മിഷൻ ജില്ലാ കോ ഓർഡിനേറ്റർ

 2004 മുതൽ ശാസ്‌താംകോട്ട ഡി.ബി കോളേജിലെ കെ.എസ്.യു ചുമതലക്കാരൻ

 നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി