കൊട്ടാരക്കര: കൊട്ടാരക്കരയിൽ ബസ് സ്റ്റാൻഡുകൾക്കിടയിലെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കരയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ സർക്കാരിനും പി. ഐഷാപോറ്റി എം.എൽ.എയ്ക്കും പരാതി നൽകി. ലോക്ക് ഡൗണിന് മുമ്പ് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ രാവിലെയും വൈകിട്ടും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്.
ഇതോടെയാണ് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ്, സെന്റ് ഗ്രിഗോറിയോസ് സ്കൂൾ, ബസേലിയോസ് മാർത്തോമാ മാത്യൂസ് ട്രെയിനിംഗ് കോളേജ്, കൊട്ടാരക്കര ഗ്ളോബൽ കോളേജ്, ന്യൂഭാരത് കോച്ചിംഗ് സെന്റർ, പി.ജി.കോളേജ് എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാരടക്കം പത്ത് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ പരാതിയുമായെത്തിയത്. പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അര കിലോമീറ്റർ ചുറ്റളവിലാണ് മദ്യവിൽപ്പനശാല പ്രവർത്തിക്കുന്നതെന്നാണ് പരാതി.
അച്ഛൻ മദ്യം വാങ്ങി വരുന്നതും കൂട്ടുകാരോടൊപ്പം ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് മദ്യപിക്കുന്നതും അതിന്റെ പേരിൽ കൂട്ടുകാരുടെ മുന്നിൽ നാണക്കേടുണ്ടാക്കിയതും ഒരു വിദ്യാർത്ഥിനി നവമാദ്ധ്യമങ്ങളിൽ അനുഭവമായി പങ്കുവച്ചത് ചർച്ചകൾക്ക് വഴിയിട്ടിരുന്നു. നൂറുമീറ്റർ ചുറ്റളവിലുള്ള രണ്ട് ബസ് സ്റ്റാൻഡുകൾക്കിടയിൽ നിന്നും ബിവറേജസ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിച്ചാൽ ഇത്തരം പ്രശ്നങ്ങൾക്ക് വലിയ പരിഹാരമുണ്ടാകുമെന്നാണ് എല്ലാവരും പറയുന്നത്.
സ്റ്റാൻഡിൽ കടക്കാൻ ഭയക്കണം
ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങി വരുന്നവർ ബസ് സ്റ്റാൻഡ് പരിസരത്തുവച്ചുതന്നെ കുടിക്കുന്നത് പതിവാണ്. ഇവർ ബഹളം ഉണ്ടാക്കുകയും വഴിയാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്യുന്നു. പെൺകുട്ടികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളും ഉണ്ടായിട്ടുണ്ട്. ഇവരെ ഭയന്ന് സ്റ്റാൻഡിൽ പ്രവേശിക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്.
വിദ്യാലയങ്ങളുടെ പരാതി ഗൗരവമുള്ളത്
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും വിദ്യാർത്ഥികൾ നേരിട്ടും പരാതി തന്നിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾക്കിടയിൽ സർക്കാരിന്റെ മദ്യ വിൽപ്പനശാല പ്രവർത്തിക്കുന്നത് ഉചിതമല്ലെന്ന് തീർത്തും ബോദ്ധ്യപ്പെട്ടു. വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതിനാൽ ഉടൻ ഇക്കാര്യത്തിൽ പരിഹാരമാകും.
(പി.ഐഷാ പോറ്റി എം.എൽ.എ)
പരിസരത്തുള്ളത്: 2 ബസ് സ്റ്റാൻഡുകൾ
ബിവറേജസിൽ നിന്നുള്ള അകലം: 100 മീറ്റർ
ദുരിതത്തിലായി:10ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ