suchithra

കൊല്ലം: മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ സുചിത്ര (42) കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനിടയാക്കിയത് അമ്മ വിജയലക്ഷ്‌മി ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി. മകളെ കാണാനില്ലെന്ന് കാട്ടി അമ്മ വിജയലക്ഷ്മി കൊട്ടിയം പൊലീസിൽ നൽകിയ പരാതി ആദ്യഘട്ടത്തിൽ പരിഗണിച്ചതേയില്ല. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയ ശേഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതോടെ ഉണർന്ന് പ്രവർത്തിച്ച പൊലീസ്, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ, കോടതി ഇടപെടുംമുമ്പേ അന്വേഷണം ഉൗർജിതമാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സുചിത്രയുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ തന്നെ അന്വേഷണം പ്രശാന്തിലേക്കെത്തിയിരുന്നു. എന്നാൽ തന്നിലേക്ക് അന്വേഷണം തിരിയാതിരിക്കാൻ നിരന്തരം തെറ്റായ വിവരങ്ങളാണ് പ്രശാന്ത് പൊലീസിന് നൽകിയത്. മഹാരാഷ്ട്ര സ്വദേശിയായ രാംദാസിനൊപ്പം സുചിത്ര പോയെന്ന് പൊലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ച പ്രശാന്ത്, 20ന് ആലുവയിൽ നിന്ന് കാറിൽ കയറിയ ഇരുവരെയും രാത്രി മണ്ണൂത്തിയിൽ ഇറക്കിവിട്ടെന്ന മൊഴിയിൽ ഉറച്ചുനിന്നു. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതിരുന്ന പൊലീസ്, കഴിഞ്ഞ ഒരു മാസക്കാലം പ്രശാന്ത് സഞ്ചരിച്ച വഴികളിലൂടെയെല്ലാം പോയി. പാലക്കാട് മണലിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് സുചിത്ര കൊല്ലപ്പെട്ടതാണെന്ന് പൊലീസ് ഉറപ്പിച്ചത്. കാറിൽ കൊല്ലം പള്ളിമുക്കിലെത്തിയ പ്രതി പ്രശാന്ത് സുചിത്രയെ കൂട്ടി പാലക്കാട്ടേക്ക് പോയെന്നാണ് പൊലീസ് പറയുന്നത്.

ഏക മകൾ, രണ്ടു തവണ വിവാഹിത

ബി.എസ്.എൻ.എല്ലിൽ നിന്ന് വിരമിച്ച എൻജിനിയർ ശിവദാസൻ പിള്ളയുടെയും പ്രഥമാദ്ധ്യാപികയായിരുന്ന വിജയലക്ഷ്‌മിയുടെയും ഏകമകളാണ് സുചിത്ര. രണ്ട് തവണ വിവാഹിതയായ സുചിത്ര അച്ഛനമ്മമാരോടൊപ്പമാണ് താമസിച്ചിരുന്നത്. ബ്യൂട്ടി പാർലർ പരിശീലന കേന്ദ്രത്തിൽ ഭർതൃമാതാവിനെ കാണാൻ പോകുന്നുവെന്നു പറഞ്ഞ സുചിത്ര അമ്മയോട് പറഞ്ഞത് എറണാകുളത്ത് മൂന്നു ദിവസത്തെ ബ്യൂട്ടീഷ്യൻ കോഴ്സിന് പോകുന്നുവെന്നാണ്. 20നു ശേഷം സുചിത്രയുടെ വിവരങ്ങളൊന്നും ലഭിക്കാതിരുന്നതോടെയാണ് അമ്മ പൊലീസിൽ പരാതി നൽകിയത്. തങ്ങൾക്കൊപ്പം മകൾ ഇനിയില്ലെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അവർക്കായിട്ടില്ല.