c
ചെറുകിട സ്വർണാഭരണ ശാലകൾ തുറക്കാൻ അനുവദിക്കണം: അസോ.

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ജില്ലയിലെ ചെറുകിട സ്വർണാഭരണശാലകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോ. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.അബ്ദുൽ നാസർ, ജില്ലാ ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, ജില്ലാ ട്രഷറർ എസ്.പളനി എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. സമ്പൂർണ അടച്ചിടലിന് ശേഷം
പല വിഭാഗത്തിലുള്ള വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകി തുടങ്ങിയിട്ടുണ്ട്. എന്നാൽ സ്വർണാഭരണശാലകൾക്ക് അനുമതി നിഷേധിക്കുകയാണ്. കൊല്ലം ജില്ലയിലെ സ്വർണാഭരണശാലകളിൽ 90 ശതമാനവും ചെറിയ വ്യാപാരശാലകളാണ്. ഇതിൽ തന്നെ 70 ശതമാനവും സ്വയം തൊഴിലെന്ന നിലയിൽ പ്രവർത്തിക്കുന്നവയാണ്. 35 ദിവസത്തിലധികമായി അടഞ്ഞുകിടക്കുന്ന ചെറുകിട സ്വർണാഭരണശാല ഉടമകൾ കടക്കെണിയിലേക്കും അവരെ ആശ്രയിച്ച് കഴിയുന്ന ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലേക്കും നീങ്ങുകയാണ്. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ സ്വർണ വ്യാപാരികൾ തയ്യാറാണ്. അതിനാൽ ജില്ലയിലെ സ്വർണ വ്യാപാരശാലകൾ തുറക്കുന്നതിനുള്ള നിർദ്ദേശം നൽകണമെന്ന് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.