f
ലോക്കഴിച്ച് കൊവിഡ് കുരുക്ക്

 ആറുപേർക്ക് കൂടി പോസിറ്റീവ്

കൊല്ലം: ജില്ലയിൽ ഇന്നലെ ആറുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 15 ആയി. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചതും കൊല്ലത്താണ്.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കൊല്ലം മൂന്നാം സ്ഥാനത്തായി. കൊല്ലത്തേത് പോലെ കാസർകോട് ജില്ലയിലും 15 കൊവിഡ് ബാധിതരാണുള്ളത്. ആദ്യഘട്ടത്തിൽ ഒട്ടുമിക്ക ജില്ലകളിലും കൊവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ കൊല്ലത്ത് പൊസിറ്റീവ് കേസുകൾ ഇല്ലായിരുന്നു. പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും എണ്ണത്തിൽ മറ്റ് ജില്ലകളേക്കാൾ കുറവായിരുന്നു. രണ്ടാഴ്ചയ്ക്കിടയിലാണ് കൊവിഡ് ബാധിതരുടെ എണ്ണം ജില്ലയിൽ വർദ്ധിച്ചത്.

കുളത്തൂപ്പുഴ

ടൗണിനോട് ചേർന്നുള്ള അയ്യൻപിള്ള വളവ് സ്വദേശിയായ 77 കാരൻ ഈമാസം 19ന് പനിയെ തുടർന്ന് കുളത്തൂപ്പുഴ പി.എച്ച്.സിയിൽ ചികിത്സ തേടി. തൊട്ടടുത്ത ദിവസം സ്വകാര്യ ആശുപത്രിയിലും പിന്നീട് 25ന് കുളത്തൂപ്പുഴ പി.എച്ച്.സി.യിലും ചികിത്സ തേടി. കൊവിഡ് സംശയത്തെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. ഇവിടെവച്ച് സ്രവം ശേഖരിച്ചു. ചൊവ്വാഴ്ച രാത്രി പരിശോധനാ ഫലം പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചു. ഇതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുളത്തൂപ്പുഴയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നുപേരുമായും ബന്ധമില്ല. എവിടെ നിന്നാണ് രോഗം പടർന്നതെന്ന് വ്യക്തമല്ല. ഭാര്യ, മകൻ, മരുമകൾ, കൊച്ചുമകൻ എന്നിവർ വീട്ടിലുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കി.

ചാത്തന്നൂർ - 1

സ്റ്റാൻഡേർ‌ഡ് ജംഗ്ഷൻ കോട്ടുവാതുക്കൽ സ്വദേശിയായ 9 വയസുകാരൻ രണ്ടാഴ്ചയിലേറെയായി പനി ബാധിതനായിരുന്നു. ഈമാസം 10ന് പാരിപ്പള്ളി പി.എച്ച്.സിയിൽ ചികിത്സ തേടി. മൂന്ന് ദിവസം മുമ്പ് ടി.വി കണ്ടിരിക്കെ പെട്ടെന്ന് ശരീരോഷ്മാവ് ഉയർന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് അയച്ചു. ഇന്നലെ സ്രവ പരിശോധാനാ ഫലം വന്നപ്പോൾ രോഗം സ്ഥിരീകരിച്ചു. എവിടെ നിന്നാണ് പകർന്നതെന്ന് വ്യക്തമല്ല. അമ്മ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റാണ്. അമ്മയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ യുവാവുമായി ഇടപഴകിയിരുന്നു. യുവാവിന്റെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. വീട്ടിലുള്ള അമ്മയെയും അമ്മൂമ്മയെയും സഹോദരിയെയും നിരീക്ഷണത്തിലാക്കി.
ചാത്തന്നൂർ- 2

കൊവിഡ് സ്ഥിരീകരിച്ച മീനാട് സ്വദേശിയായ ആശ പ്രവർത്തകയിൽ നിന്നാണ് എം.സി പുരം സ്വദേശിയായ 64ന് രോഗം പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ആശ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് അവരുടെ വീട് സന്ദർശിച്ചിരുന്നു. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിലായി. സ്രവം പരിശോധനയ്ക്ക് അയച്ചു.

പാരിപ്പള്ളി

ശ്രീരാമപുരം ജംഗ്ഷന് സമീപം താമസിക്കുന്ന പാരിപ്പള്ളി പി.എച്ച്.സിയിലെ അറ്റൻഡറായ 44കാരന് ആശുപത്രിയിൽ നിന്ന് രോഗം പടർന്നതെന്നാണ് നിഗമനം. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല. വീട്ടിൽ ഒപ്പം താമസിക്കുന്ന അച്ഛനും അമ്മയും പത്ത് വയസുള്ള മകളും നിരീക്ഷണത്തിലാണ്.

മുഖത്തല

ചാത്തന്നൂർ പി.എച്ച്.സിയിലെ നഴ്സായ മുഖത്തല തടത്തിൽ മുക്ക് സ്വദേശിയായ 52കാരി മീനാട് സ്വദേശിയായ ആശ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിലായി. രോഗ ലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ല. വീട്ടിൽ മകൾ മാത്രമാണ് ഒപ്പം താമസിച്ചിരുന്നത്.

ഓച്ചിറ

ആന്ധ്രയിൽ നിന്നുമെത്തിയ മീൻ ലോറി ഡ്രൈവറായ യുവാവിനെ പൊലീസും ആരോഗ്യ പ്രവർത്തകരും ഒരാഴ്ച് മുമ്പ് പിടികൂടി ഓച്ചിറയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി. റാൻഡം സർവേയുടെ ഭാഗമായി രണ്ട് ദിവസം മുമ്പ് സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്ന ക്ലീനറുടെ പരിശോധാന ഫലം നെഗറ്റീവാണ്.

ചാത്തന്നൂർ പി.എച്ച്.സി മാറ്റും


മൂന്ന് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചാത്തന്നൂർ പി.എച്ച്.സി താത്കാലികമായി മാറ്റി സ്ഥാപിക്കും. ആശാ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ പി.എച്ച്.സി അടച്ചിരുന്നു. നിലവിലെ ജീവനക്കാരെല്ലാം നിരീക്ഷണത്തിലാണ്. പുതിയ ജീവനക്കാരെ നിയോഗിച്ചാലും താത്കാലിക കേന്ദ്രത്തിലാകും പ്രവർത്തിക്കുക.

....................................................

പിന്നിൽ നിന്ന് മുന്നിലേക്ക്

1. കണ്ണൂർ: 50

2. കോട്ടയം: 18

3. കാസർകോട്: 15

3. കൊല്ലം: 15

കൊവിഡ് ബാധിതർ ഇന്നലെ

സ്ഥിരീകരിച്ചത്: 6

ചികിത്സയിലുള്ളവർ: 15

ഗൃഹനിരീക്ഷണത്തിലായത്: 77

ആകെ ഗൃഹ നിരീക്ഷണത്തിലുള്ളത്: 1,171

ആശുപത്രി നിരീക്ഷണത്തിൽ: 39

''

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ചാത്തന്നൂർ സ്വദേശിയായ 9 വയസുകാരനിൽ നിന്നാകാം മറ്റുള്ളവരിലേക്ക് രോഗം പടർന്നത്. 9 വയസുകാരൻ ഈമാസം 10ന് പാരിപ്പള്ളി പി.എച്ച്.സിയിൽ ചികിത്സ തേടിയിരുന്നു. ഇതിന് ശേഷമാണ് ആശാ പ്രവർത്തക പി.എച്ച്.സി.യിലെത്തിയത്. 88 വയസുകാരനിൽ നിന്ന് ആശുപത്രിയിലെ ജീവനക്കാരിലേക്കും അവരിൽ നിന്ന് ആശാ പ്രവർത്തകയിലേക്കും പടർന്നതാകാമെന്നാണ് നിഗമനം. എന്നാൽ കുട്ടിയിൽ എങ്ങനെ രോഗം പടർന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഡി.എം.ഒ

...........................