subaida
സുബൈദയ്ക്ക് കോഴിക്കോട്ടെ ആദാമിന്റെ ചായക്കടയുടെ ഉടമകൾ വാങ്ങി നൽകിയ ആടുകൾ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ കൈമാറിയപ്പോൾ. എം. മുകേഷ് എം.എൽ.എ സമീപം

കൊല്ലം: പൊന്നുപോലെ ഓമനിച്ച് വളർത്തിയ രണ്ട് ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ പള്ളിത്തോട്ടം സ്വദേശി സുബൈദയ്ക്ക് സമ്മാനമായി ലഭിച്ചത് അഞ്ച് ആടുകൾ. കോഴിക്കോട്ടെ പ്രസിദ്ധ ഹോട്ടലായ 'ആദാമിന്റെ ചായക്കട'യുടെ ഉടമകളായ അഞ്ച് യുവാക്കൾ ചേർന്നാണ് സുബൈദയ്ക്ക് ആടുകളെ സമ്മാനമായി നൽകിയത്.

പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് എതിർവശം സംഗമം നഗർ 77ൽ വാടകയ്ക്ക് താമസിക്കുന്ന സുബൈദ (60) കൊവിഡ് പ്രതിരോധത്തിൽ പങ്കാളിയാകാൻ കഴിഞ്ഞയാഴ്ചയാണ് കുടുംബത്തിന്റെ വരുമാന മാർഗം കൂടിയായ ആടുകളെ വിറ്റ് കളക്ടർക്ക് പണം കൈമാറിയത്. ഇത് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ യുവാക്കൾ സുബൈദ താത്തയെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ പ്രതിഫലം ഒന്നും ആഗ്രഹിച്ചിട്ടല്ല സംഭാവന നൽകിയതെന്ന് പറഞ്ഞ് യുവാക്കളുടെ സമ്മാനം സുബൈദ താത്ത നിരസിച്ചു. തുടർന്ന് യുവാക്കളുടെ പ്രതിനിധിയായ അനസ് കളക്ടർ ബി. അബ്ദുൽ നാസർ, എം. മുകേഷ് എം.എൽ.എ എന്നിവർക്കൊപ്പം എത്തി അഞ്ച് പെണ്ണാടുകളെ സുബൈദയ്ക്ക് കൈമാറുകയായിരന്നു.

വീടിനോട് ചേർന്ന് ചായക്കട നടത്തിയാണ് സുബൈദയും ഭർത്താവ് അബ്ദുൽ സലാമും ഉൾപ്പെടുന്ന കുടുംബം ജീവിക്കുന്നത്. ഇവിടെ നിന്ന് കാര്യമായ വരുമാനം ലഭിക്കാത്തതിനാലാണ് ആടുകളെ വളർത്താൻ ആരംഭിച്ചത്. കുട്ടികൾ വിഷുക്കൈനീട്ടം കൊവിഡ് പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് പത്രങ്ങളിൽ നിന്ന് വായിച്ചതോടെ എന്തെങ്കിലും ചെയ്യണമെന്ന് സുബൈദ തീരുമാനിച്ചു. എന്നാൽ തന്റെ തുച്ഛമായ വരുമാനത്തിലൂടെ ഇത് സാധ്യമല്ലെന്ന് ബോധ്യമായതോടെ ആടുകളെ വിറ്റ് 5510 രൂപ ജില്ലാ കളക്ടർക്ക് കൈമാറുകയായിരുന്നു.