ചാത്തന്നൂർ: ലോക്ക് ഡൗൺ മൂലം കയറ്റുമതി നടക്കാതെ പ്രതിസന്ധിയിലായ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ ചെമ്മീൻ കർഷകർക്ക് വിപണനത്തിന് സൗകര്യമൊരുക്കാൻ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഗ്രൂപ്പിലൂടെ ലഭിച്ച ഓർഡർ പ്രകാരം കഴിഞ്ഞ ദിവസം 125 കിലോ ചെമ്മീനാണ് വിറ്റഴിക്കാൻ സാധിച്ചത്. ആദിച്ചനല്ലൂർ കൃഷി ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് ചെമ്മീൻ നൽകി ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ. അജയകുമാർ, ചാത്തന്നൂർ കൃഷി അസി. ഡയറക്ടർ വി.എൻ. ഷിബു കുമാർ, കൃഷി ഓഫീസർ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. മേയ് 2ന് രാവിലെ 8 മുതൽ ആദിച്ചനല്ലൂർ കൃഷി ഭവൻ അങ്കണത്തിൽ തുടർവിൽപ്പന ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.