കൊല്ലം:കൊവിഡ് സ്ഥിരീകരിച്ച ശാസ്‌താംകോട്ടയിലെ ഏഴ് വയസുകാരിയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. ജില്ലാ മെഡിക്കൽ ഓഫീസർക്ക് ശൂരനാട് വടക്ക് സമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ നൽകിയ ഓഫീസ് മുദ്ര പതിപ്പിച്ച വിശദമായ റിപ്പോർട്ടാണ് ഉദ്യോഗസ്ഥർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. എഴുതി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിട്ടത് ഏത് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്താനും തിരുത്താനും ആരോഗ്യ വകുപ്പും തയ്യാറാകുന്നില്ല.
മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കുട്ടിയുടെ രോഗം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ റിപ്പോർട്ട് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ കുടുംബത്തിനും സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ കുടുംബങ്ങൾക്കും നേരെ പ്രത്യേക ലക്ഷ്യങ്ങളോടെ സാമൂഹ്യമാദ്ധ്യമ പ്രചാരണം തുടങ്ങിയത്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉന്നതരെ ഇന്നലെ പല തവണ ബന്ധപ്പെട്ടെങ്കിലും പ്രതികരണത്തിന് തയ്യാറായില്ല. മാതാവിനൊപ്പം വിദേശത്ത് നിന്നെത്തി 28 ദിവസത്തെ ഗൃഹനിരീക്ഷണം പൂർത്തീകരിച്ച ശേഷമാണ് കുട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.