pic

കൊല്ലം: കൊവിഡിന്റെ താണ്ഡവത്തിൽ കൊല്ലം തീർത്തും ഭീതിയിൽ, പുതിയ കണക്ക് വരുന്നതുവരെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 15 ആണ്. അതിജാഗ്രതയും സ്വയം നിയന്ത്രണങ്ങളും ആവശ്യമായ ദിനങ്ങളാണ് ഇനിയുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡിന്റെ തുടക്ക ഘട്ടത്തിൽ വലിയ ആശ്വാസത്തിലായിരുന്നു ജില്ല. മറ്റ് ജില്ലകളിലെല്ലാം കൊവിഡ് റിപ്പോർട്ട് ചെയ്തപ്പോഴും കൊല്ലം അകലം പാലിച്ചുനിന്നു. തൃക്കരുവ പഞ്ചായത്തിലെ പ്രാക്കുളത്ത് ആദ്യ കൊവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ മുതലാണ് ആശങ്ക പടർന്നത്. പിന്നീട് ഇട്ടിവയിലും പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. പിന്നീടുള്ള ഒന്നര ആഴ്ച ജില്ലയ്ക്ക് പ്രതീക്ഷകളുടേതായിരുന്നു.

ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതെ വന്നതോടെ കൊവിഡിന്റെ ആശങ്കകൾ അയഞ്ഞുവന്നതാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാറ്റുന്നതിന് പരിഗണിക്കുന്ന ആദ്യ ജില്ലയാകുമെന്ന പ്രതീക്ഷയും കൈവന്നിരുന്നു. എന്നാൽ തമിഴ് നാട്ടിലെ പുളിയങ്കുടിയിൽ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത കുളത്തൂപ്പുഴ സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രതീക്ഷകൾ തകിടംമറിഞ്ഞു. പിന്നീട് കൊവിഡ് ബാധിതരുടെ എണ്ണം പെട്ടെന്ന് കൂടുന്ന അവസ്ഥയിലേക്ക് എത്തി. ഇന്നലെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ അതുവരെ ഉണ്ടായിരുന്ന ഗ്രീൻ സിഗ്നൽ മാഞ്ഞു. ചാത്തന്നൂരിൽ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതാണ് വലിയ ആശങ്ക. കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഓടിനടന്നിരുന്നവർക്ക് രോഗം പിടിപെട്ടതോടെ കൂടുതൽപേരിലേക്ക് പകർന്നിരിക്കാമെന്നാണ് കണക്കുകൂട്ടൽ.

ചാത്തന്നൂർ പി.എച്ച്.സി താത്കാലികമായി മാറ്റി സ്ഥാപിക്കും. ആശാ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ പി.എച്ച്.സി അടച്ചിരുന്നു. നിലവിലെ ജീവനക്കാരെല്ലാം നിരീക്ഷണത്തിലാണ്. പുതിയ ജീവനക്കാരെ നിയോഗിച്ചാലും താത്കാലിക കേന്ദ്രത്തിലാകും പ്രവർത്തിക്കുക. കുളത്തൂപ്പുഴയിലും പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു. കൊവിഡ് സ്ഥിരീകരിച്ചയാൾ മൂന്ന് തവണ ഇവിടം സന്ദർശിച്ചിരുന്നു. കല്ലുവാതുക്കൽ, ഓച്ചിറ ഗ്രാമ പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പുനലൂർ നഗരസഭയിലെ 17ാം വാർഡ്, കുളത്തൂപ്പുഴ, നിലമേൽ, തൃക്കരുവ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ, നെടുമ്പനയിലെ 16,17 വാർഡുകൾ, പോരുവഴിയിലെ 13,14,15 വാർഡുകൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.