pic

കൊല്ലം: കൊട്ടാരക്കര ചെന്തറയിലെ സ്വകാര്യ പൊടിപ്പ് മില്ലിൽ നിന്ന് മൂന്ന് ചാക്ക് റേഷനരി കണ്ടെത്തിയ സംഭവത്തിൽ സമീപത്തെ റേഷൻകട സസ്പെൻഡ് ചെയ്തു. ചെന്തറയിൽ പ്രവർത്തിക്കുന്ന 327-ാം നമ്പർ റേഷൻ കടയുടെ അംഗീകാരമാണ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കിയത്. രഹസ്യ വിവരത്തെ തുടർന്നാണ് സപ്ലൈ ഓഫീസർ മില്ലിൽ പരിശോധന നടത്തിയത്.

തുന്നൽ അഴിക്കാത്ത എഫ്‌.സി.ഐ മുദ്ര‌യുള്ള മൂന്ന് ചാക്കുകളിൽ സൂക്ഷിച്ചിരുന്നതടക്കം 371 കിലോ റേഷൻ പുഴുക്കൽ അരിയും 30 കിലോ കുത്തരിയുമാണ് പിടിച്ചെടുത്തത്. ഈ മൂന്ന് ചാക്ക് അരിയും റേഷൻ കടയിൽ നിന്ന് വിലയ്ക്ക് വാങ്ങിയതാണെന്ന് മില്ലിന്റെ ഉടമ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് റേഷൻ കട സസ്പെൻഡ് ചെയ്തത്. മില്ലിന്റെ ചുറ്റുവട്ടത്തുള്ള മുഴുവൻ റേഷൻകടകളിലും രണ്ട് ദിവസങ്ങളിലായി പരിശോധന നടത്തിയിരുന്നു. മില്ലുടമയ്ക്ക് എതിരെ പ്രോസിക്യൂഷൻ നടപടിക്ക് ശിപാർശ നൽകിയതായും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.