rishi-dawood

ഖുല്ലം ഖുല്ല എന്ന ആത്മകഥയിലെ ചില പരാമർശങ്ങളും തുടർന്നുണ്ടായ വിവാദങ്ങളും ഋഷി കപൂറിനെ തെല്ലും അസ്വസ്ഥനാക്കിയിരുന്നില്ല. അതിലൊന്ന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായുള്ള ഋഷിയുടെ ബന്ധത്തെക്കുറിച്ചുള്ള തുറന്നെഴുത്തായിരുന്നു. 1988ലാണ് ദാവൂദ് ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ച നടക്കുന്നതെന്ന് ഋഷി കപൂർ പുസ്തകത്തിൽ പറയുന്നു.

ദുബായിൽ ഉറ്റ സുഹൃത്ത് ഭിട്ടു ആനന്ദുമൊത്ത് ആശ ഭോസ്‌ലെ-ആർ.ഡി. ബർമൻനിശയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അന്ന് ഋഷി. "വിമാനത്താവളത്തിൽ നിന്ന് പുറത്തേയ്ക്ക് പോകുമ്പോൾ ഒരു അപരിചിതൻ അടുത്തു വന്ന് ഫോൺ തന്ന് പറഞ്ഞു: ദാവൂദ് സാബിന് നിങ്ങളോട് സംസാരിക്കണം. 1993ലെ മുംബയ് സ്ഫോടന പരമ്പരയ്ക്ക് മുൻപായത് കൊണ്ട് ഒളിവിൽ കഴിയുന്ന ഒരു പ്രതി എന്നു മാത്രമേ ദാവൂദിനെ കുറിച്ച് അറിയുമായിരുന്നുള്ളൂ. അയാൾ രാജ്യത്തിന്റെ പൊതുശത്രു ആണെന്ന ധാരണ ഉണ്ടായിരുന്നുമില്ല. നിങ്ങൾക്ക് എന്തു സഹായം വേണമെങ്കിലും എന്നോട് ചോദിച്ചാൽ മതി എന്നായിരുന്നു ദാവൂദ് ഫോണിൽ പറഞ്ഞത്. ദാവൂദിന്റെ വലംകൈ എന്നു പരിചയപ്പെടുത്തിയ ബാബ എന്നയാളാണ് ദാവൂദിന്റെ വീട്ടിലേയ്ക്ക് ചായ സത്കാരത്തിന് ക്ഷണിച്ചത്. അന്നതിൽ അപാകതയൊന്നും തോന്നിയില്ല.

അന്നു വൈകിട്ട് തന്നെ എന്നെയും സുഹൃത്ത് ഭിട്ടുവിനെയും ഹോട്ടലിൽ നിന്ന് ഒരു മിന്നുന്ന റോൾസ് റോയ്സിൽ ദാവൂദിന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. വഴി തിരിച്ചറിയാതിരിക്കാൻ വട്ടംകറങ്ങിയാണ് പോയതെന്ന് മനസ്സിലായി. കാറിൽ ഉണ്ടായിരുന്നവർ സംസാരിച്ചത് കച്ചി ഭാഷയാണ്. ഇറ്റാലിയൻ ശൈലിയിൽ ഒരുങ്ങിനിന്ന ദാവൂദ് കൈ കൊടുക്കുകയും മദ്യം വിളമ്പാത്തതിൽ ക്ഷമ ചോദിക്കുകയും ചെയ്തു. ഞാൻ മദ്യപിക്കാറില്ല. മദ്യം വിളമ്പാറുമില്ല. അങ്ങിനെ ചായയും ബിസ്ക്കറ്റും കഴിച്ച് നാല് മണിക്കൂർ അവിടെ കഴിച്ചു. പണമോ മറ്റ് എന്തു വേണമെങ്കിലും ചോദിച്ചോളൂവെന്ന് അന്ന് ദാവൂദ് പറഞ്ഞു. ഈ സമയത്താണ് തന്റെ അധോലോക പ്രവർത്തനങ്ങളെ കുറിച്ച് ദാവൂദ് മനസ് തുറന്നത്. ഒരുപാട് മോഷണങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്. ചിലരെ കൊല്ലിച്ചിട്ടുണ്ട്. പക്ഷേ ആരെയും കൊന്നിട്ടില്ല. ഈ പ്രവൃത്തികളിലൊന്നും ഞാൻ ഖേദിക്കുന്നുമില്ല. കള്ളം പറഞ്ഞ ഒരാളെ വെടിവച്ചു കൊന്ന കഥയും ദാവൂദ് പറഞ്ഞു. ഈ സംഭവമാണ് പിന്നീട് രാഹുൽ റവാലി അർജുൻ എന്ന സിനിമയാക്കിയത്.

പിന്നീടൊരിക്കൽ ഭാര്യയ്ക്കൊപ്പം ദുബായിലെ ഒരു കടയിൽ ഷൂ വാങ്ങാൻ പോയപ്പോഴാണ് ദാവൂദിനെ കാണുന്നത്. 1989ലായിരുന്നു അത്. എട്ടോ പത്തോ അംഗരക്ഷകരുണ്ടായിരുന്നു അപ്പോൾ ദാവൂദിനൊപ്പം. ഞാൻ നിങ്ങൾക്കൊരു ഷൂ വാങ്ങിത്തരട്ടെ എന്ന് ചോദിച്ചാണ് ദാവൂദ് അടുത്ത് വന്നത്. എന്നാൽ, ഞാൻ അത് നിരസിച്ചു. എനിക്ക് ഫോൺ നമ്പറും തന്നു. ഇന്ത്യയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായത് കൊണ്ടാണ് ദുബായിൽ ഒളിവിൽ കഴിയുന്നതെന്ന് ദാവൂദ് പറഞ്ഞു. എനിക്ക് അവിടെ ഒരുപാട് എതിരാളികളുണ്ട്. അതുപോലെതന്നെ ഞാൻ വിലകൊടുത്തു വാങ്ങിയവരുമുണ്ട്. ഞാൻ കാശ് കൊടുത്ത് പോറ്റുന്ന നിരവധി രാഷ്ട്രീയക്കാരുണ്ട് എന്റെ കീശയിൽ. ദാവൂദ് പറഞ്ഞു. എനിക്കിതിലൊന്നും താത്പര്യമില്ലെന്ന് പറഞ്ഞ് കഷ്ടിച്ചാണ് ഞാൻ ഒഴിഞ്ഞുമാറിയത്. പിന്നീട് ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഉണ്ടായിട്ടില്ല. മുംബയ് സ്ഫോടനപരമ്പരയോടെ എല്ലാം അതിവേഗമാണ് മാറിമറിഞ്ഞത്. ദാവൂദിനെ ഇന്ത്യയ്ക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത് എന്താണെന്ന് ഇപ്പോഴും അറിയില്ല. ഞാൻ നിർമിച്ച ശ്രീമാൻ ആഷിഖ് എന്ന ചിത്രത്തിനുവേണ്ടി ഗാനരചന നിർവഹിച്ചത് ദാവൂദിന്റെ സഹോദരൻ നൂറയായിരുന്നു. ഈ നൂറയ്ക്കുവേണ്ടി ദാവൂദിന്റെ ശിങ്കിടികൾ സംഗീത സംവിധായകരായ നദീം-ശ്രാവണിനെ പുലർച്ചെ രണ്ട് മണിക്ക് പോലും വിളിച്ചുണർത്താറുണ്ടായിരുന്നത്രെ" -ഋഷി കപൂർ പുസ്‌തകത്തിൽ എഴുതി.

കാശ് കൊടുത്ത് വാങ്ങിയ അവാർഡ്

ആ അവാർഡ് ഞാൻ കാശ് കൊടുത്തു വാങ്ങിയതാണ്.. അമിതാഭ് ബച്ചനാണ് അത് കിട്ടേണ്ടിയിരുന്നത്....അതിനെക്കുറിച്ചോർക്കുമ്പോൾ കുറ്റബോധം തോന്നുന്നു.. ഇങ്ങനെ ഞെട്ടിക്കുന്ന തരത്തിൽ വിവാദ വെളിപ്പെടുത്തലുകൾ നടത്താൻ മറ്റാർക്കാണ് കഴിയുക, ബോളിവുഡിന്റെ പ്രണയ നായകനായ ഋഷി കപൂറിനല്ലാതെ. അനുഭവസമ്പത്ത് വേണ്ടുവോളമുള്ള ഋഷികപൂർ " ഖുല്ലം ഖുല്ല "എന്ന തന്റെ ആത്മകഥയിലൂടെയാണ് പല വിവാദങ്ങൾക്കും തിരികൊളുത്തിയത്. അതിലൊന്നായിരുന്നു പണം കൊടുത്തുവാങ്ങിയ അവാർഡിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ.

1970 ൽ ഇറങ്ങിയ മേരാ നാം ജോക്കറിലൂടെയാണ് ഋഷി സിനിമയിലെത്തുന്നത്. അത് സൂപ്പർ ഹിറ്റ് ആയതോടെ ഋഷിയുടെ പേരും ബോളിവുഡിൽ സ്വർണ ലിപിയിൽ കുറിച്ചു. ഋഷിയുടെ പിതാവും പ്രശസ്ത നടനുമായ രാജ് കപൂറായിരുന്നു ചിത്രത്തിലെ നായകൻ. മികച്ച ബാലതാരത്തിലുള്ള ദേശീയ പുരസ്‌കാരം ആ ചിത്രത്തിലെ അഭിനയത്തിന് ഋഷി സ്വന്തമാക്കി.

‘‘മേരാ നാം ജോക്കർ എനിക്ക് ദേശീയ അംഗീകാരം നേടിത്തന്നു. അതെന്നെ അഹങ്കാരിയാക്കി. 1973 ൽ നായകനായി അഭിനയിച്ച ബോബി അന്നത്തെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. പക്ഷേ, അംഗീകാരങ്ങളൊന്നും എന്നെ തേടിയെത്തിയില്ല. വാശിയേറിയപ്പോൾ അതേ ചിത്രത്തിലെ അഭിനയത്തിന് ഒരു പ്രശസ്ത മാസികയുടെ അവാർഡ് ഞാൻ പണം കൊടുത്ത് സ്വന്തമാക്കി. ആ സമയത്ത് അമിതാഭ് ബച്ചൻ എന്നോട് അധികം സംസാരിച്ചിരുന്നില്ല. സഞ്ജീറിലെ അഭിനയത്തിന് ബച്ചൻ അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ ആ പുരസ്‌കാരം ഞാൻ പണം കൊടുത്ത് സ്വന്തമാക്കിയിരുന്നു. ചെയ്തത് ഒരു വലിയ തെറ്റായിരുന്നുവെന്ന് പിന്നീട്തിരിച്ചറിഞ്ഞു. ആ കുറ്റബോധം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല. പിന്നീടൊരിക്കലും ഞാൻ അങ്ങനെ ചെയ്തിട്ടില്ല. 20 വയസ്സുമാത്രമുള്ള ഒരു ചെറിയ പയ്യന്റെ അവിവേകം.

അമിതാഭ് ബച്ചൻ, ധർമേന്ദ്ര എന്നിവർ തിയേറ്ററിൽ സൃഷ്ടിക്കുന്ന കൊടുങ്കാറ്റിനെയായിരുന്നു ഞാൻ അതിജീവിക്കേണ്ടത്. അതുകൊണ്ട് പ്രണയ നായകൻ എന്ന ഒരു പ്രതിഛായയാണ് ഞാൻ നിലനിറുത്തി കൊണ്ടു പോന്നത്. സ്വന്തം കഴിവിൽ അമിതവിശ്വാസം ഉണ്ടായിരുന്ന എനിക്ക് ധാരാളം വീഴ്ചകളും പറ്റി. പരാജയങ്ങൾ മാനസികമായി തളർത്തി. എന്നാൽ തെറ്റുകൾ മനസ്സിലാക്കി സ്വയം തിരുത്തി മുന്നേറാൻ കഴിഞ്ഞതാണ് ഋഷി കപൂർ എന്ന വ്യക്തിയുടെയും നടന്റെയും വിജയരഹസ്യം- ഋഷികപൂർ എഴുതി.

അച്ഛന്റെ കാമുകിമാർ

രാജ് കപൂറും നർഗീസും ബോളിവുഡിലെ ഏറ്റവും മികച്ച താരജോഡികൾ മാത്രമല്ല, പ്രണയജോഡികൾ കൂടിയായിരുന്നുവെന്നും വിവാഹശേഷവും അച്ഛന് ഈ ബന്ധം ഉണ്ടായിരുന്നുവെന്നും ഋഷി ആത്മകഥയിൽ തുറന്നെഴുതി ."ഞാൻ കുഞ്ഞായിരിക്കുമ്പോഴാണ് പപ്പയ്ക്ക് നർഗീസ്ജിയുമായി ബന്ധമുണ്ടായിരുന്നത്. എന്നാൽ ഈ പ്രശ്‌നങ്ങളൊന്നും എന്നെ ബാധിച്ചില്ല. പപ്പയ്ക്ക് വൈജയന്തിമാലയുമായി ബന്ധമുണ്ടായിരുന്ന സമയത്ത് മമ്മയ്‌ക്കൊപ്പം നടരാജ് ഹോട്ടലിൽ നിന്ന് മറൈൻ ഡ്രൈവിലേക്ക് താമസം മാറിയത് എനിക്ക് ഓർമയുണ്ട്. പിന്നീട് ഞങ്ങൾ പപ്പയോടൊപ്പം ചിത്രകൂടിലുള്ള ഒരു വസതിയിലേക്ക് താമസം മാറ്റി. അച്ഛന്റെ പ്രണയത്തിന്റെ വിഷയത്തിൽ മമ്മ കടുത്ത നിലപാടുകൾ കൈക്കൊണ്ട സമയമായിരുന്നു അത്. മമ്മയെ തിരിച്ചു കൊണ്ടുവരാൻ പപ്പ ഒരുപാട് പരിശ്രമിച്ചിരുന്നു. എന്നാൻ നർഗീസുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം മാത്രമാണ് മമ്മ വീണ്ടും പപ്പയ്‌ക്കൊപ്പം ജീവിക്കാൻ തയ്യാറായത്.

അതുപോലെ രാജ് കപൂറുമായി പ്രണയബന്ധമില്ലായിരുന്നുവെന്നാണ് കുറച്ചുകാലം മുൻപ് നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ വൈജയന്തി മാല പറഞ്ഞത്. തുടർന്ന് പലരും എന്നെ വിളിച്ച് സത്യാവസ്ഥ തിരക്കി. എന്നാൽ, ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാനാവും. പപ്പ ജീവിച്ചിരുന്നുവെങ്കിൽ അവർക്ക് ആ സത്യം നിഷേധിക്കാനാകില്ലായിരുന്നു.. ഋഷി കപൂർ എഴുതി.

ഋഷികപൂറിന് പറയാനേറെയുണ്ടായിരുന്നു.. പറഞ്ഞപ്പോഴെല്ലാം വിവാദങ്ങളുമായി. ഈ ലോക്ക് ഡൗൺ കാലത്തുപോലും സമൂഹമാദ്ധ്യമങ്ങൾ വഴി എഴുതി ഋഷികപൂർ സൈബർ പോരാളികളോട് അങ്കംവെട്ടി. സ്വന്തം അഭിപ്രായം എന്തുതന്നെയായാലും തുറന്ന് പറയുന്നതിൽ ഭയക്കേണ്ടതില്ല എന്നതായിരുന്നു ഋഷി കപൂറിന്റെ നിലപാട്.