prasanth-suchitra

കൊല്ലം: പ്രണയകാലത്തിന്റെ മധുര നിമിഷങ്ങൾക്കിടയിലാണ് പ്രശാന്ത് ആ അരുംകൊല ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രശാന്തിന്റെ ഭാര്യയുടെ ബന്ധുവാണ് കൊല്ലപ്പെട്ട കൊല്ലം മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ ബ്യൂട്ടീഷ്യനായ സുചിത്ര (44). ബന്ധുവീട്ടിൽ വച്ച് കണ്ടുമുട്ടിയതിന് ശേഷം വാട്ട്സ് ആപ്പിലൂടെ ബന്ധം ആഴത്തിലേക്കിറങ്ങി. ബ്യൂട്ടിഷ്യൻ പരിശീലകയായ സുചിത്രയ്ക്ക് പ്രശാന്തിന്റെ സംഗീതത്തോട് വലിയ കമ്പവുമായിരുന്നു. ഏഴ് മാസത്തെ പ്രണയത്തിനിടയിൽ സുചിത്രയിൽ നിന്നും ലക്ഷക്കണക്കിന് രൂപ പ്രശാന്ത് വാങ്ങിയിരുന്നു. സംഗീത ഉപകരണങ്ങൾ വാങ്ങാനായിട്ടാണ് ആദ്യം തുക ആവശ്യപ്പെട്ടത്. പ്രശാന്തിനെ വിശ്വസിച്ച് ആവശ്യപ്പെട്ടതെല്ലാം നൽകുന്നതിന് സുചിത്രയ്ക്കും പൂർണ മനസായിരുന്നു.

ഒന്നിച്ചുള്ള ജീവിതത്തിന് സുചിത്ര ആഗ്രഹിച്ചിരുന്നു. ഇടയ്ക്ക് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ മുതൽ പ്രശാന്ത് അകലാൻ ശ്രമിച്ചുതുടങ്ങിയെന്നാണ് വിവരം. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിയും പാലക്കാട് കോങ്ങാട് സ്വകാര്യ സ്കൂളിലെ പിയാനോ അദ്ധ്യാപകനുമാണ് പ്രശാന്ത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട്ടെ വീടിന് പിന്നിലെ മതിലിനോട് ചേർന്നുള്ള ചതുപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു സുചിത്രയുടെ മൃതദേഹം കണ്ടെടുത്തത്. സുചിത്രയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ മാർച്ച് 20ന് ആയിരുന്നു കൊട്ടിയം പൊലീസിൽ പരാതി നൽകിയത്. ഇതിന് മൂന്ന് ദിവസം മുൻപുതന്നെ ആലപ്പുഴയിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് സുചിത്ര വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയത്.

മാർച്ച് 20ന് തന്നെ സുചിത്ര കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. നാളെ കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കുമെന്ന് കൊല്ലം ക്രൈംബ്രാഞ്ച് എ.സി.പി ബി.ഗോപകുമാർ അറിയിച്ചു. പ്രണയ നാടകങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെയും ചുരുളഴിയാൻ പ്രശാന്ത് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ എത്തേണ്ടതുണ്ട്. ആസൂത്രിത കൊലപാതകമാണെന്നുതന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കാനും കാൽ മുറിച്ചുമാറ്റാനും ശ്രമം നടത്തിയതിന്റെ ലക്ഷണങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വളരെ കുറച്ച് സമയം മാത്രമാണ് പ്രശാന്തിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് ലഭിച്ചത്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നതടക്കം വെളിവാകും.