കൊല്ലം: വെള്ളൂരിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി (എച്ച്.എൻ.എൽ) സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജോലിയില്ലാതായ 400 ഓളം തൊഴിലാളികൾക്ക് ജോലി ഉറപ്പാക്കാനും കേരളത്തിന്റെ ന്യൂസ് പ്രിന്റ് ആവശ്യം നിറവേറ്റാനും ഇതാവശ്യമാണെന്ന് ഈ രംഗത്തെ പ്രമുഖർ ചുണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ പത്രങ്ങളും ന്യൂസ് പ്രിന്റിനായി ആശ്രയിച്ചിരുന്നത് എച്ച്.എൻ.എല്ലിനെയാണ്. ഇറക്കുമതി ചെയ്യുന്ന ന്യൂസ് പ്രിന്റിനോളം ഗുണനിലവാരമുള്ളതായിരുന്നു ഇവിടത്തെ ഉല്പന്നം.
ഉല്പാദനം നിലച്ചതിനാൽ 19 മാസമായി 400 ഓളം ജീവനക്കാർക്ക് ശമ്പളമില്ല. ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നടപടികൾ നീക്കിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ബാങ്കുകളെ സഹകരിപ്പിച്ച് ഫാക്ടറിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാരിന് വളരെ വേഗം കഴിയുമെന്നാണ് സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ഏഷ്യയിലെ വമ്പൻ
ഏഷ്യയിലെ ഏറ്റവും വലിയ ന്യൂസ് പ്രിന്റ് ഫാക്ടറിയാണ്. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത്, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ നയം വന്നതോടെയാണ് പ്രതിസന്ധിയിലായത്. എല്ലാ ബഡ്ജറ്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകിവന്നിരുന്ന സംരക്ഷിത പാക്കേജ് കിട്ടാതായി.കടം പെരുകി പ്രവർത്തനം തകിടം മറിഞ്ഞു.ബി.ജെ.പി സർക്കാരും ഈ നയം തുടർന്നത് വലിയ തിരിച്ചടിയായി.
തുടക്കം: 1982
പ്രവർത്തനം: 38 വർഷം
മുടക്കം:19 മാസം മുമ്പ്
ബാദ്ധ്യത: 460 കോടി
(ജീവനക്കാരുടെ ആനുകൂല്യം അടക്കം)
''സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കണം. അല്ലെങ്കിൽ ഫാക്ടറി ഉടൻ പ്രവർത്തിപ്പിക്കാൻ പ്രധാനമന്ത്രിയോടും കേന്ദ്ര വ്യവസായ മന്ത്രിയോടും മുഖ്യമന്ത്രി അഭ്യർത്ഥിക്കണം.
ആർ. ചന്ദ്രശേഖരൻ
സംസ്ഥാന പ്രസിഡന്റ്,
ഐ.എൻ.ടി.യു.സി