ഷട്ടർ ഉയരാതെ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ
കൊല്ലം: ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ ചെറു വസ്ത്രവ്യാപാര സ്ഥാപനങ്ങളും നിർബന്ധപൂർവം അടപ്പിക്കുന്നതിനാൽ സംസ്കാര ചടങ്ങുകളുടെ ഭാഗമായി കോടി പുതപ്പിക്കാൻ പോലും തുണി വാങ്ങാനാകുന്നില്ല. വാഹന ഗതാഗതത്തിന് കടുത്ത നിയന്ത്രണം ഉള്ളതിനാൽ ദൂരസ്ഥലങ്ങളിൽ പോയി വാങ്ങാനും കഴിയുന്നില്ല.
ഓരോ സ്ഥലത്തും കൊവിഡ് സ്ഥിരീകരിക്കുമ്പോൾ ഒരു വലിയ പ്രദേശമൊന്നാകെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കുകയാണ്. വമ്പൻ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ നാട്ടിൻപുറങ്ങളിലെ ചെറു കടകളിൽ നിന്ന് വിവാഹ വസ്ത്രങ്ങൾ വാങ്ങാനിരുന്നവരും ഇപ്പോൾ പ്രതിസന്ധിയിലാണ്. ജില്ലയിൽ ചെറുതും വലുതുമായ 1500 ഓളം വസ്ത്ര വ്യാപാര സ്ഥാപനങ്ങളുണ്ട്. ഇതിൽ 1300 ഓളം ചെറുകിട സ്ഥാപനങ്ങളാണ്. ഇതിൽ ഏകദേശം 300 സ്ഥാപനങ്ങൾ മാത്രമാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ തുറന്നത്. ഒരുമാസത്തിലേറെയായി അടഞ്ഞുകിടക്കുന്നതിനാൽ സ്റ്റോക്കുള്ള വസ്ത്രങ്ങൾ നശിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. കടം വാങ്ങി തുണിയെടുത്ത ഇവരിൽ ഭൂരിഭാഗവും സാമ്പത്തിക പ്രതിസന്ധിയിലാണ്.
കൈ അയയ്ക്കാതെ പൊലീസ്
രണ്ടാഴ്ചക്കിടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പലയിടങ്ങളിലും പൊലീസ് നിയന്ത്രണം കർശനമാണ്. ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിലുണ്ടെങ്കിലും കൊവിഡ് ബാധിത പ്രദേശങ്ങളിലും പരിസരങ്ങളിലും കർശന നിയന്ത്രണമാണുള്ളത്. കുളത്തൂപ്പുഴയിലും ചാത്തന്നൂരിലും കൊവിഡ് നിയന്ത്രണവിധേയമല്ലാത്തതിനാൽ ഇളവുകൾ വൈകും. ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗണും കല്ലുവാതുക്കൽ, ഓച്ചിറ ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിരിക്കുകയാണ്. മറ്റ് ജില്ലകളുമായി അതിർത്തി പങ്കിടുന്ന മേഖലകളിലും പൊലീസ് നിരീക്ഷണം ശക്തമാണ്.
...............................
മാറാല വലക്കണ്ണിയിൽ കുരുങ്ങി...
1. വസ്ത്രങ്ങൾ പൊടിയടിച്ച് തുടങ്ങി
2. തുറക്കാതായതോടെ സാമ്പത്തിക ബാദ്ധ്യത
3. വസത്രങ്ങൾ നശിച്ചാൽ കടക്കെണിയിലാകും
4. ജീവനക്കാരുടെ ശമ്പളവും നൽകിയില്ല
5. കടംവാങ്ങിയ പണത്തിന് പലിശകൊടുക്കാനുമില്ല
ചെറുകിട സ്ഥാപനങ്ങൾ
1300
വൻകിട സ്ഥാപനങ്ങൾ
200
ആകെ: 1500
തുറക്കുന്നത്: 300
''
വരും ദിവസങ്ങളിൽ തുറക്കാൻ അനുമതി ലഭിച്ചില്ലേൽ റംസാൻ കച്ചവടവും നഷ്ടപ്പെടും. അദ്ധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കച്ചവടത്തിലും വലിയ പ്രതീക്ഷയില്ല.
വസ്ത്ര വ്യാപാരികൾ
...............................