lockdown

 പാരിപ്പള്ളി മെഡി. കോളേജ് ഒ.പി നിറുത്തി

കൊല്ലം: അതിർത്തി ഗ്രാമങ്ങളിൽ ഉൾപ്പെടെ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചത് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുന്നവർക്കാകെ ആശങ്ക സൃഷ്ടിക്കുകയാണ്. തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന കുളത്തൂപ്പുഴയിലും ചാത്തന്നൂരിലും സാമൂഹിക വ്യാപനതത്തിന്റെ സാദ്ധ്യത തള്ളാതെയാണ് ജില്ലാ ഭരണകൂടം ഇടപെടുന്നത്.

രോഗികളുടെ എണ്ണം ദിവസവും വർദ്ധിക്കുന്നതോടെ ജില്ലയിലെ കൊവിഡ് ആശുപത്രിയായി നിശ്ചയിച്ച പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒ.പിയുടെ പ്രവർത്തനം നിറുത്തിവച്ചു. അപകടത്തിൽ പരിക്കേറ്റ് എത്തുന്നവരെയും മറ്റ് അടിയന്തര സാഹചര്യത്തിലുള്ള രോഗികളെയും ചികിത്സിക്കാൻ അത്യാഹിത വിഭാഗം പ്രവർത്തിക്കും. കിടത്തി ചികിത്സയിലുള്ള രോഗികളെ ആവശ്യമെങ്കിൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റും.

ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം വരും ദിവസങ്ങളിൽ ഉയർന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടൽ. ചാത്തന്നൂർ, കുളത്തൂപ്പുഴ മേഖലകളിൽ രോഗികളുമായി ഹൈ റിസ്ക് സമ്പർക്കം ഉണ്ടായിരുന്നവരുടെ സ്രവങ്ങൾ കൂട്ടത്തോടെ ശേഖരിക്കുകയാണ്. കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നിറുത്തിവച്ചതും പുനലൂർ താലൂക്ക് ആശുപത്രിയിലെ ഉൾപ്പെടെ ഡോക്ടർമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും നിരീക്ഷണത്തിൽ കഴിയേണ്ടി വന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

അതിർത്തികൾ അടഞ്ഞു

ദേശീയപാതയിലെ ഓച്ചിറയിലും ചാത്തന്നൂരിലും കൊവിഡ് സ്ഥിരീകരണം വന്നതോടെ ജില്ലയുടെ രണ്ട് അതിർത്തികളും കർശന നിയന്ത്രണങ്ങളോടെ അടച്ചു. ദേശീയപാത വഴി വരുന്ന അവശ്യ വാഹനങ്ങൾക്ക് മാത്രമാണ് അനുമതി. ഓച്ചിറയിലെയും ചാത്തന്നൂരിലെയും സ്ഥിതി ഗൗരവകരമാണ്. ഇതോടെ പൊലീസ് നിയന്ത്രണങ്ങളും ശക്തമാക്കി. ശാസ്താംകോട്ടയിൽ രോഗം സ്ഥിരീകരിച്ചതോടെ പോരുവഴി പഞ്ചായത്ത് പത്തനംതിട്ടയുമായി അതിർത്തി പങ്കിടുന്ന എല്ലാ വഴികളും പൂർണമായും അടച്ചു. ആലപ്പുഴ ജില്ലയോട് ചേർന്ന് കിടക്കുന്ന ശൂരനാട് വടക്ക് വയ്യാങ്കരയിലും പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


ചാത്തന്നൂരിൽ സ്പെഷ്യൽ ഓഫീസർ

ചാത്തന്നൂരിൽ സാമൂഹിക വ്യാപനത്തിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർ സുമീതൻപിള്ളയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. ജില്ലാ കളക്ടറാണ് ഇന്നലെ പുതിമ ചുമതല നൽകിയത്. പൊലീസ്, ആരോഗ്യ വകുപ്പ് , റവന്യൂ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനം സ്പെഷ്യൽ ഓഫീസറുടെ ചുമതലയാണ്.

.......................

ട്രിപ്പിൾ ലോക്ക് ഡൗൺ; പുറത്തിറങ്ങിയാൽ അറസ്റ്റ്

ചാത്തന്നൂരിലെ സ്ഥിതി കൈവിട്ട് പോകുന്നുവെന്ന് തിരിച്ചറി‌ഞ്ഞാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. കാരണില്ലാതെ വീടിന് പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യും. പഞ്ചായത്തിലേക്കുള്ള എല്ലാ വഴികളും അടച്ചു. അകത്തേക്കും പുറത്തേക്കും ആരെയും കടത്തി വിടില്ല. മേഖലയിലെ പരമാവധി ആളുകളുടെ സ്രവം പരിശോധിക്കാനുള്ള ശ്രമം തുടരുകയാണ്.

1. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്

2. പുറത്തിറങ്ങേണ്ടി വന്നാൽ സത്യവാങ്മൂലം കരുതണം

3. വായും മൂക്കും മൂടുന്ന തരത്തിൽ മാസ്‌ക് ധരിക്കണം

4. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കണം

5. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം

6. അയൽ വീടുകളിലെ ഒത്തുചേരലുകൾ വേണ്ട

7. വീടിനുള്ളിൽ ഇരിക്കുക മാത്രമാണ് പ്രതിരോധം

''

സാമൂഹിക അകലം പാലിക്കുക മാത്രമാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം. നിയന്ത്രണങ്ങൾ അംഗീകരിക്കാത്തവർക്കെതിരെ നടപടി വൈകില്ല.

ബി. അബ്ദുൽ നാസർ.

ജില്ലാ കളക്ടർ

.....................