പരിമിതികൾക്ക് നടുവിൽ നിന്നുകൊണ്ട് 'പ്രവാസി', 'ദൈവത്തിന്റെ സ്വന്തം നാട്' എന്നീ ഹ്രസ്വചിത്രങ്ങൾ കെ.സി. ഷിബു രൂപപ്പെടുത്തി. കൂട്ടം കൂടരുതെന്ന സർക്കാർ നിർദ്ദേശം അക്ഷരംപ്രതി പാലിച്ചും മനസിലുള്ള ആശയത്തെ പൊതുസമൂഹത്തിന് ഇഷ്ടപ്പെടുന്ന മാദ്ധ്യമത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതുമാണ് കെ.സി.ഷിബുവിനെ വ്യത്യസ്ഥനാക്കുന്നത്
ലോക്ക് ഡൗൺ കാലത്തിൽ നിന്ന് കലയ്ക്ക് ഇടമുണ്ടാക്കിയെടുത്ത ഇച്ഛാശക്തിയാണ് കെ.സി. ഷിബുവെന്ന കലാകാരനെ എന്നും വ്യത്യസ്തനാക്കുന്നത്. പരിമിതികൾക്ക് നടുവിൽ നിന്ന് 'പ്രവാസി', 'ദൈവത്തിന്റെ സ്വന്തം നാട്' എന്നീ ഹ്രസ്വചിത്രങ്ങൾ രൂപപ്പെടുത്തി സമൂഹത്തിന് മുന്നിൽ സമർപ്പിച്ചത് ആ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണങ്ങളാണ്. കലാകാരനെ ഇരുട്ടറയ്ക്കുള്ളിൽ അടച്ചിടാൻ കഴിയില്ലെന്നും തോറ്റുപോകുന്നിടത്തുനിന്ന് പ്രതിസന്ധികളെ തകർത്ത് മുന്നോട്ട് പോകാനാകുമെന്നതിനുമുള്ള തെളിവുകളാണ് ഈ കലാസൃഷ്ടികൾ. കൂട്ടം കൂടരുതെന്ന സർക്കാർ നിർദ്ദേശം അക്ഷരംപ്രതി പാലിച്ച് തന്റെ മനസിലുള്ള ആശയത്തെ പൊതുസമൂഹത്തിന് ഇഷ്ടപ്പെടുന്ന മാദ്ധ്യമത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് കെ.സി.ഷിബുവിനെ മറ്രുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് സാങ്കേതിക മികവിന്റെ സഹായമില്ലാതെ മൊബൈൽ ഫോണുകളെ ആശ്രയിച്ച് ചിത്രീകരിച്ച് ഹിറ്റാക്കി മാറ്റിയതാണ് ഈ കലാകാരന്റെ മികവ്.
കലയും സാഹിത്യവും മാദ്ധ്യമവും
കൊട്ടാരക്കര പുത്തൂർ കൈതക്കോട് ഷിബുഭവനിൽ ജോർജ് കുഞ്ഞുമോന്റെയും ചെറുപുഷ്പത്തിന്റെയും മൂത്തമകനായ ഷിബുവിന് പാരമ്പര്യമായി കലയുമായി തെല്ലും ബന്ധമില്ല. എന്നാൽ കുട്ടിക്കാലത്തേ കഥയും കവിതയുമെഴുതി കുട്ടികൾക്കിടയിലെ താരമായിരുന്നു. ഹിസ്റ്ററിയിൽ ബിരുദവും കമ്പ്യൂട്ടർ ഡിപ്ളോമയും ഗ്രാഫിക് ഡിസൈനും പൂർത്തിയാക്കിയപ്പോൾ വിദേശ രാജ്യങ്ങളിലടക്കം വലിയ ഓഫറുകൾ വന്നതാണ്. സ്വന്തം നാട്ടിൽ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ ഒതുങ്ങിക്കൂടാനാണ് മനസിൽ ഉറപ്പിച്ചത്. 2007ൽ കലാദീപം മാസികയ്ക്ക് തുടക്കമിട്ടത് നാട്ടിൻപുറങ്ങളിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കൊല്ലം തിരുമുല്ലവാരം കേന്ദ്രീകരിച്ചായിരുന്നു തുടക്കം. 2015 ൽ കലാദീപം ഓൺലൈൻ ചാനലിന് തുടക്കമിട്ടു. കലാരംഗത്തേക്ക് രംഗപ്രവേശം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനാണ് ചാനൽ അന്നുമുതൽ മുൻതൂക്കം നൽകിയത്. ഒപ്പം തുടങ്ങിയ കലാദീപം ഫിലിം സൊസൈറ്റി ഇന്ന് ജില്ലയിലെ ഏറ്റവും മികച്ച ഫിലിംസൊസൈറ്റികളുടെ മുൻനിരയിലുണ്ട്. സ്വന്തമായി വാഹനം ഉൾപ്പെടെ ഫിലിം യൂണിറ്റുള്ള ഫിലിം സൊസൈറ്റിയെന്ന സവിശേഷതയുമുണ്ട്. രണ്ട് റെക്കോർഡിംഗ് സ്റ്റുഡിയോകളും സൊസൈറ്റിയുടെ കീഴിലുണ്ട്. കുട്ടിക്കാലത്തേ തുടങ്ങിയ എഴുത്തിനോടുള്ള പ്രണയം ഇപ്പോഴും തുടരുകയാണ്. അഞ്ച് ആൽബങ്ങൾ പുറത്തിറക്കി. ഇതിൽ 'മഞ്ഞുതുള്ളിപോലെ" എന്ന ആൽബത്തിലെ പാട്ടുകൾ ഹിറ്റായി. ക്രിസ്തീയ ഭക്തിഗാനങ്ങൾ ഏറെയുമെഴുതി സംഗീതം നൽകി. പത്തിലധികം ഹ്രസ്വ ചിത്രങ്ങളും കഥയും തിരക്കഥയും സംവിധാനവുമടക്കം നിർവഹിച്ച് പൂർത്തിയാക്കി.
സേവന വഴിയിലും
കൊല്ലം ജില്ലാ ആശുപത്രിയിൽ 'സ്നേഹപാഥേയം" എന്ന പദ്ധതിക്ക് തുടക്കമിട്ട് 100 ആഴ്ചകൾ മുടങ്ങാതെ പൊതിച്ചോറ് വിതരണം ചെയ്തത് ശ്രദ്ധേയമായിരുന്നു. ചവറ എം.എൽ.എ ആയിരുന്ന എൻ. വിജയൻപിള്ള ആശുപത്രിയിൽ നേരിട്ടെത്തി അന്ന് ഷിബുവിനെ ആദരിച്ചിരുന്നു. സമൂഹത്തിൽ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവർക്കും വിശക്കുന്നവനും കെ.സി. ഷിബുവും കലാദീപവും ആശ്രയമാകുന്ന കാഴ്ച നാട് കണ്ടതാണ്. സിനിമ, പത്രപ്രവർത്തനം, സാമൂഹിക പ്രവർത്തനം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി അവാർഡ് നൽകാനും കലാദീപത്തിന്റെ ബാനറിൽ പ്രവർത്തനങ്ങൾ നടത്തി. ഷോർട്ട് ഫിലിം അവാർഡും ഏർപ്പെടുത്തി. എല്ലാ മാസവും കൊല്ലം കേന്ദ്രീകരിച്ച് ഷോർട്ട് ഫിലിം പ്രദർശനവും നടത്തിവരുന്നുണ്ട്. സിനിമയ്ക്കുവേണ്ടിയുള്ള പണിപ്പുരയിൽ നിൽക്കുമ്പോഴും സേവന പ്രവർത്തനങ്ങൾക്കാണ് ഷിബു മുൻതൂക്കം നൽകുന്നത്. വിവിധ എഴുത്തുകാരുടെ 24 പുസ്തകങ്ങൾ കലാദീപം പബ്ളിക്കേഷൻ പുറത്തിറക്കി. സാമൂഹിക പ്രവർത്തനങ്ങൾക്കായി ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി ഫാറം എന്ന സംഘടനയുമുണ്ട്. ഭാര്യ ബിയ ഷിബു പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. കലാദീപത്തിന്റെ കൂട്ടായ്മയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള അൻപതിൽപ്പരം പ്രവർത്തകരാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ഷിബു പറയുന്നു.