അഞ്ചാലുംമൂട്: ജില്ലയിലെ ഹോട്ട് സ്പോട്ട് പട്ടികയിൽ ഇടം പിടിച്ച തൃക്കരുവയിൽ പൊലീസ് നിയന്ത്രണം കടുപ്പിച്ചതോടെ അവശ്യസാധനങ്ങൾ പോലും വാങ്ങാൻ കഴിയാതെ തൃക്കരുവയിലെ ജനങ്ങൾ. ലോക്ക് ഡൗണിനെ തുടർന്ന് അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളുടെ പ്രവർത്തനം നിയന്ത്രണ വിധേയമായി അനുവദിച്ചിരുന്നു. എന്നാൽ ഹോട്ട് സ്പോട്ട് പട്ടികയിലായതോടെ ഇന്നലെ പുലർച്ചെ തന്നെ പൊലീസ് ഇടപെട്ട് കടകൾ അടപ്പിക്കുകയാണുണ്ടായത്.
പാൽ വിതരണം, സംഭരണം എന്നിവ നടത്തുന്ന ക്ഷീരസംഘം സ്ഥാപനങ്ങളും പച്ചക്കറി - പലചരക്ക് സ്ഥാപനങ്ങളും ഉൾപ്പെടെ അടപ്പിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതോടെ അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് കോർപ്പറേഷൻ പരിധിയിലെ അഞ്ചാലുംമൂടിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. പൊലീസ് പരിശോധനയിൽ ഇതിനായി പോകുന്നവരെ തടയുന്ന അവസ്ഥയും നിലവിലുണ്ട്.
ഹോട്ട് സ്പോട്ട് മേഖലയിൽ നിന്ന് ജനങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കി അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.