valyamma
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സരസമ്മഅമ്മ പരിശോധനാ ഫലം നെഗറ്റീവായതോടെ ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങുന്നു

കൊല്ലം: കൊവിഡിനെ തോൽപ്പിച്ച് 85 കാരിയായ സരസമ്മഅമ്മ ഒൻപതാം ദിനം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് കുളത്തൂപ്പുഴയിലെ കുമരംകരിക്കത്തെ വീട്ടിലേക്ക് മടങ്ങി. തമിഴ്നാട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ പ്രദേശവാസിയായ യുവാവിൽ നിന്നാണ് സരസമ്മഅമ്മയ്ക്ക് കൊവിഡ് പകർന്നത്. ഈ യുവാവ് ഇപ്പോഴും ചികിത്സയിലാണ്.

21ന് കൊവിഡ് വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട സരസമ്മഅമ്മ വേഗത്തിൽ രോഗമുക്തി നേടുകയായിരുന്നു.

സരസമ്മ അമ്മയ്ക്ക് കൊവിഡ് വാർഡ് ഒരു തടവറ പോലെയായിയിരുന്നു. അയൽവീടുകളിൽ കയറിയിറങ്ങി മുറുക്കിയും കുട്ടികളെ ലാളിച്ചും നടക്കുന്നതിനിടെയാണ് രോഗം പിടിപെട്ടത്. കൊവിഡ് വാർ‌ഡിൽ മുറുക്കാൻ കിട്ടിയില്ല. കിന്നാരം പറയാൻ കുട്ടികളുമില്ല. അയൽപക്കങ്ങളിലെ വിശേഷങ്ങളും അറയാനായില്ല. മാത്രമല്ല, കട്ടിലിൽ ഒരേ കിടപ്പും കിടക്കണം.

മുറുക്കാൻ ചവയ്ക്കാൻ കിട്ടാത്തതിനാൽ രാത്രിയാകുമ്പോൾ സരസമ്മഅമ്മയ്ക്ക് വെപ്രാളം കയറും. പിന്നെ വാർഡിൽ വടിയും കുത്തിപ്പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടത്തമാണ്. പലതവണ മുറുക്കാൻ ചോദിച്ചിട്ടും വാങ്ങി കൊടുക്കാത്തതിനാൽ നഴ്സുമാരോടെല്ലാം അല്പം നീരസത്തിലായിരുന്നു സരസമ്മഅമ്മ. എന്നാൽ ഇന്നലെ എല്ലാവർക്കും നന്ദി പറഞ്ഞാണ് മടങ്ങിയത്. സരസമ്മഅമ്മയുടെ കുടുംബാംഗങ്ങൾ അടക്കം 30 ഓളം പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.