kiss
രശ്മി നായരും ഭർത്താവ് രാഹുൽ പശുപാലനും കാറിൽ പത്തനാപുരത്തെത്തിയപ്പോൾ

പത്തനാപുരം: ലോക്ക് ഡൗൺ ലംഘിച്ചും മുഖാവരണം ധരിക്കാതെയും കാറിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത ആരോഗ്യപ്രവർത്തകനോട് തട്ടിക്കയറിയ മോഡലും ചുംബന സമരനായികയുമായ രശ്മി നായർക്കെതിരെ പൊലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം. സമൂഹമാദ്ധ്യമങ്ങളിലൂടെ സംഭവം വിവാദമായതോടെ വിശദമായി അന്വേഷിക്കാൻ ജില്ലാ റൂറൽ പൊലീസ് മേധാവി ഉത്തരവിട്ടേക്കുമെന്ന് അറിയുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ജില്ലാ അതിർത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. അടൂർ ഭാഗത്ത് നിന്ന് പത്തനാപുരത്തേക്ക് കാറിലെത്തിയതായിരുന്നു രശ്മി നായരും ഭർത്താവ് രാഹുൽ പശുപാലനും. കല്ലുംകടവിൽ വച്ച് പൊലീസും ആരോഗ്യവകുപ്പ് അധികൃതരും വാഹനം തടഞ്ഞു.

സ്വന്തം വീട് പട്ടാഴിയിലാണെങ്കിലും ഇവർ എറണാകുളത്താണ് താമസമെന്ന് കരുതി അവിടെ നിന്നാണ് വന്നതെങ്കിൽ ക്വാറന്റൈനിൽ പോകണമെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണരാജ് നിർദ്ദേശിച്ചു. മാസ്‌ക് ധരിക്കാതെയായിരുന്നു ഇവരുടെ യാത്ര. ഇതിനിടെ തങ്ങളോട് മോശമായി സംസാരിച്ചെന്നാരോപിച്ച് ഇരുവരും കൃഷ്ണരാജിനോട് തട്ടിക്കയറി.

തുടർന്ന് പട്ടാഴി വടക്കേക്കര പഞ്ചായത്ത് മെമ്പറെ പൊലീസ് ഫോണിൽ വിളിച്ച് ഇരുവരും പട്ടാഴിയിൽ തന്നെയാണ് താമസമെന്ന് ഉറപ്പാക്കിയ ശേഷമാണ് വിട്ടയച്ചത്. അതേസമയം, ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിനും മാസ്‌കും സീറ്റ് ബെൽറ്റും ധരിക്കാത്തതിനും പൊലീസ് നടപടിയെടുക്കാത്തതിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്.