കൊല്ലം: ഒന്നര മാസം മുമ്പ് കൊല്ലത്തുനിന്ന് കാണാതായ മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ സുചിത്രയെ (42) കൊലപ്പെടുത്തിയ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) റിമാൻഡ് ചെയ്‌തു. പാലക്കാട് മണലിയിലെ വാടകവീടിനു സമീപം കുഴിച്ചിട്ട മൃതദേഹം കണ്ടെത്താൻ അവിടെ കൊണ്ടുപോയ പ്രശാന്തിനെ ഇന്നലെ പുലർച്ചെ 2.45 ഓടെയാണ് കൊല്ലത്ത് തിരികെയെത്തിച്ചത്. മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ ജില്ലാ ജയിലിലേക്കു മാറ്റി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി ബി.ഗോപകുമാർ കസ്റ്റഡി അപേക്ഷ നൽകും.
ഭാര്യയുടെ ബന്ധുവായ സുചിത്രയുമായി സംഗീത അദ്ധ്യാപകനായ പ്രശാന്ത് സൗഹൃദത്തിലായിരുന്നു. കൊല്ലത്തെ ബ്യൂട്ടി പാർലറിൽ പരിശീലകയായ സുചിത്ര എറണാകുളത്ത് ബ്യൂട്ടീഷ്യൻ കോഴ്സിന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.എന്നാൽ, വിവാഹ മോചിതയായ ഇവർ ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ബ്യൂട്ടി പാർലറിൽ നിന്ന് അവധിയെടുത്തത്.
കൊല്ലം പള്ളിമുക്കിൽ കാത്തുനിന്ന പ്രശാന്ത് സുചിത്രയെ കാറിൽ കയറ്റി പാലക്കാട്ടേക്കു കൊണ്ടുപോയി. ജില്ലാ ക്രൈംബ്രാഞ്ച് തുടക്കം മുതൽ ഇയാളെ സംശയിച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകി ഒഴിഞ്ഞുമാറി.
പിന്നീട് തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.