കൊവിഡ് ബാധിതർ 12 ആയി കുറഞ്ഞു
കൊല്ലം: ബുധനാഴ്ച ആറുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ ഞെട്ടലിൽ നിന്ന കൊല്ലം ജില്ലയ്ക്ക് ഇന്നലെ ആശ്വാസത്തിന്റെ ദിനമായിരുന്നു. ഒരാൾക്കുപോലും ഇന്നലെ രോഗം സ്ഥിരീകരിച്ചില്ലെന്ന് മാത്രമല്ല ചികിത്സയിലുണ്ടായിരുന്ന മൂന്നുപേർ രോഗമുക്തരായി വീട്ടിലേക്ക് മടങ്ങി.
തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് രോഗബാധിതനായ നിലമേൽ സ്വദേശിയായ മദ്ധ്യവയസ്കൻ, മീനാട് സ്വദേശിയായ ആശ പ്രവർത്തക, കുളത്തൂപ്പുഴയിലെ 85 വയസുള്ള വൃദ്ധ എന്നിവരാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 12 ആയി കുറഞ്ഞു.
നിലമേൽ സ്വദേശിക്ക് ഈമാസം 7നും കുളത്തൂപ്പുഴയിലെ വൃദ്ധയ്ക്ക് 21നും ആശ പ്രവർത്തകയ്ക്ക് 25നുമാണ് കൊവിഡ് വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടത്. ആശാ പ്രവർത്തകയുടെ ആദ്യ പരിശോധനാ ഫലം ഒഴികെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമുള്ള എല്ലാ പരിശോധനാഫലങ്ങളും നെഗറ്റീവായിരുന്നു.