കരുനാഗപ്പള്ളി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വില്പനക്കായി കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി.മോഹനന്റെ നേതൃത്വത്തിൽ പിടികൂടി കുലശേഖരപുരം ആനന്ദ ജംഗ്ഷന് പടിഞ്ഞാറ് അൻസാ മൻസിലിൽ റഷീദിന്റെ വീട്ടിൽ നിന്നും മുന്നിൽ പാർക്ക് ചെയ്തിരുന്ന മിനി ലോറിയിൽ നിന്നുമാണ് 20 ചാക്ക് ഉത്പന്നങ്ങൾ കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ കൊട്ടിയം പേരയം കല്ലുവിള കിഴക്കതിൽ നിഫിനെ (22) അറസ്റ്റ് ചെയ്തു. റഷീദും കൂട്ടാളി കൊട്ടിയം സ്വദേശി ആയിഷിക്കും ഒളിവിലാണ്. മൂന്ന് മാസത്തിന് മുമ്പാണ് റഷീദ് കുലശേഖരപുരത്ത് വീട് വിലയ്ക്ക് വാങ്ങിയത്. തൃശൂരാണ് ഇവരുടെ കേന്ദ്രം. കൊല്ലത്തു നിന്ന് ലോറികളിൽ തൃശൂർ എത്തുന്ന സംഘം വാഹനം ഇവിടെ പാർക്ക് ചെയ്ത ശേഷം കർണ്ണാടകത്തിലേക്ക് പോകും. ഇവിടെ നിന്ന് പുകയില ഉത്പന്നങ്ങൾ വാങ്ങി പച്ചക്കറി കയറ്റിവരുന്ന ലോറികളിൽ തൃശൂരിൽ എത്തിക്കും. തുടർന്ന് സ്വന്തം ലോറിയിൽ പച്ചക്കറിക്കിടയിൽ ഇവ ഒളിപ്പിച്ച് നാട്ടിലെത്തിക്കും.
കണ്ണാടകയിൽ 5 രൂപയ്ക്ക് ലഭിക്കുന്ന ഉത്പന്നം 100 രൂപയ്ക്കാണ്
ചെറുകിട കച്ചവടക്കാർക്ക് വിൽക്കുന്നത്. കായംകുളം മുതൽ ചാത്തന്നൂർ വരെയുള്ള ചെറുകിട കച്ചവടക്കാർക്കാണ് ഇത് എത്തിക്കുന്നതെന്ന് നിഫിൻ പറഞ്ഞു. ഇവർക്ക് കർണ്ണാടകയിൽ പാൻമസാല എത്തിക്കുന്ന മലയാളിയെ കുറിച്ചും തൃശൂരിലെ ഇടനിലക്കാരനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ലോറിയിൽ ഉണ്ടായിരുന്ന പച്ചക്കറി ഓച്ചിറയിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിലേക്കായി തഹസിൽദാർ സബിതാബീഗം ഏറ്റുവാങ്ങി.