kseb

കൊല്ലം: സംസ്ഥാനത്തെ തെക്കൻ മേഖലയിലെ ഏഴ് ജില്ലകൾ വൈദ്യുതി തടസ രഹിത മേഖലയാകുന്നു. 1400 കോടി രൂപയുടെ 74 പദ്ധതികളാണ് നടപ്പാക്കുന്നത്. 33 സബ് സ്റ്റേഷനുകളിലായി 41 ലൈൻ പ്രോജക്ടുകളും ഇതിൽ ഉൾപ്പെടും. ഏഴ് ജില്ലകളിലെയും വൈദ്യുതി ബോർഡ് ജീവനക്കാർ പങ്കെടുത്ത ശിൽപ്പശാലയിൽ രൂപപ്പെട്ട പദ്ധതികൾക്കാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്. ഇനി ഇ-ടെണ്ടർ നടപടികളിലേക്ക് തിരിയുകയാണ്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ തെക്കൻ പ്രസരണ മേഖല സുശക്തമാകും. ഒട്ടുമിക്ക 66 കെ.വി സബ് സ്റ്റേഷനുകളും അവയുടെ ലൈനുകളും 110 കെ.വി ശേഷിയിലേക്ക് ഉയർത്തപ്പെടും. ഇടുക്കിയിൽ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി 280 കോടി രൂപയുടെ 13 പദ്ധതികളാണ് നടപ്പാക്കുക. പീരുമേട്, തൊടുപുഴ, കട്ടപ്പന, തുടങ്ങിയ സബ് സ്റ്റേഷനുകളും അനുബന്ധ ലൈനുകളും 110കെ.വി ശേഷിയിലേക്ക് ഉയർത്തപ്പെടും. പുതിയതായി ഉടുമ്പഞ്ചോലയിൽ 33കെ.വി സബ് സ്റ്റേഷൻ നിർമ്മിക്കാനുള്ള പദ്ധതിയുമുണ്ട്. ഇതിന് പദ്ധതി പരിശോധനാ വിഭാഗം കമ്മറ്റി അനുമതി നൽകി. ഇപ്പോൾ നിർമ്മാണം നടക്കുന്ന മുരിക്കാശേരി, മറയൂർ സബ്സ്റ്റേഷനുകളും ഉടൻ പൂർത്തിയാക്കും. എറണാകുളം പെട്രോ നെറ്റ് എൽ.എൻ.ജി അടക്കമുള്ള പദ്ധതികൾ വഴി വൈപ്പിൻ കോൺസ്റ്റിറ്റുവൻസിയിൽ വരാവുന്ന വികസ്സനം മുൻകൂട്ടി കണ്ട് ഞാറക്കൽ 66കെ.വി സബ് സ്റ്റേഷനും ചേറായി മുതൽ ഞാറക്കൽ വരെയുള്ള ലൈനും 110കെ.വി ആക്കുവാനുള്ള 25 കോടി രൂപയുടെ പ്രവർത്തികൾ ഇ-ടെണ്ടർ ക്ഷണിച്ചു.. ആലപ്പുഴ അരൂർ മുതൽ ചേർത്തല വരെയുള്ള 66കെ.വി ലൈനും ചേർത്തല സബ്സ്റ്റേഷനും 110കെ.വി ആയി ഉയർത്തും. തുറവൂർ പാക്കേജിലായി മറ്റ് നിരവധി വർക്കുകളും വരും. ആലപ്പുഴ സബ് സ്റ്റേഷൻ 110കെ.വി ആയി ഉയർത്താനുള്ള പ്രവർത്തികൾ ഇ-ടെണ്ടർ ക്ഷണിച്ചു. മാവേലിക്കര-ഇടപ്പോൺ 110കെ.വി ആയി ഉയർത്തുന്ന പ്രവർത്തികൾക്ക് ഇ-ടെണ്ടർ നടപടിയായി.

പത്തനംതിട്ട ഇടപ്പോൺ കോഴഞ്ചേരി, മാവേലിക്കര പള്ളം ലൈനും അനുബന്ധ സബ് സ്റ്റേഷനുകളും 110കെ.വി ആയി ഉയർത്തും. തിരുവല്ല സബ്സ്റ്റേഷൻ 110കെ.വി ആയി ഉയർത്തുന്ന പ്രവർത്തികൾക്ക് ഇ-ടെണ്ടർ ക്ഷണിച്ചു,. കൊല്ലം ജില്ല. കരുനാഗപ്പള്ളി സബ്സ്റ്റേഷൻ 110കെ.വി ആയി ഉയർത്തുന്ന വർക്ക് തുടങ്ങി. കരുനാഗപ്പള്ളി സബ്സ്റ്റേഷൻ സുസ്ഥിരമാക്കാനായി കായംകുളം കരുനാഗപ്പള്ളി സബ് സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 41 കോടി രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരമായി. മാവേലിക്കര- കരുനാഗപ്പള്ളി സബ് സ്റ്റേഷനെ തമ്മിൽ ബന്ധിപ്പിക്കുന്ന 66കെ.വി ലൈൻ 110കെ.വി ആക്കാനും ധാരണയായി. ഇത് പൂർത്തിയാകുമ്പോൾ കരുനാഗപ്പള്ളി സബ്സ്റ്റേഷൻ മൂന്ന് സ്ഥലത്ത് നിന്നും വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന നിലയിൽ സ്റ്റേബിൾ ആകും. കൊട്ടിയം- കൊല്ലം ഭൂഗർഭ വൈദ്യുത പദ്ധതിയ്ക്ക് ഭരണാനുമതിയായിട്ടുണ്ട്. 33.5 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. കൊട്ടിയം സബ് സ്റ്റേഷനിൽ 110 കെ.വി യാർഡും നിർമ്മിക്കും. കാവനാട് പെരിനാട് സബ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പുതിയ ലൈനും ധാരണയായിട്ടുണ്ട്. ഇടമൺ 220കെ.വി സ്റ്റേഷന്റെ ശേഷി 220എം.വി.എ കൂടി വർദ്ധിപ്പിക്കുവാനും തീരുമാനമായി. കോട്ടയം പള്ളം മുതൽ ഏറ്റുമാനൂർ വരെയുള്ള 66കെ.വി ലൈനും കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ സബ്സ്റ്റേഷനുകൾ 110കെ.വി ആയി മാറ്റാൻ ഭരണാനുമതിയായിട്ടുണ്ട്. പിന്നക്കനാട് പുതിയ 33കെ.വി സബ് സ്റ്റേഷന് അനുമതിയായി. തിരുവനന്തപുരം പാലോട് സബ്സ്റ്റേഷന്റെയും ലൈനിന്റേയും ശേഷി 110കെ.വി ആയി ഉയർത്തുന്ന പ്രവർത്തികൾക്ക് ഇ-ടെണ്ടർ നടപടിയായി. വെള്ളകുളം 33 കെ.വി സബ് സ്റ്റേഷന്റെ നിർമ്മാണം പുനരാരംഭിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.