covid

 പൊലീസിനെ കബളിപ്പിക്കാൻ ആൾമാറാട്ടം

കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി വാഴക്കുലയുമായി വന്ന വാഹനത്തിലെ തമിഴ്നാട് സ്വദേശിയെ കൊട്ടാരക്കരയിൽ അനധികൃതമായി പാർപ്പിക്കാൻ ശ്രമിച്ച സ്ഥാപന ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. വാഴക്കുല വ്യാപാരിയായ കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്വദേശിയായ നസീബ് മൻസിലിൽ നസീബിനെതിരെയാണ് കേസെടുത്തത്. തമിഴ്നാട് സ്വദേശിയെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

തമിഴ്നാട്ടിൽ നിന്ന് വന്ന വാഹനം ആര്യങ്കാവ് ചെക്ക് പോസ്റ്റ് കടന്നപ്പോൾ വാഹനത്തിന്റെയും യാത്രക്കാരുടെയും വിവരങ്ങളും ചിത്രങ്ങളും റൂറൽ പൊലീസിന്റെ കൊവിഡ് കെയർ എന്ന ആപ്പിൽ രേഖപ്പെടുത്തിയിരുന്നു. വാഹനം കൊട്ടാരക്കരയിലെ സീനത്ത് ബനാന കടയിലെത്തിയപ്പോൾ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പുതിയരാജിനെ അവിടെ ഇറക്കി പകരം ആവണിശ്വരം പാലവിള പുത്തൻ വീട്ടിൽ പൊന്നൂസിനെ വാഹനത്തിൽ കയറ്റി ചക്കുവള്ളിയിലേക്കയച്ചു. ചക്കുവള്ളിയിൽ പൊലീസ് വാഹനം തടഞ്ഞ് കൊവിഡ് കെയർ ആപ്പ് പരിശോധിച്ചപ്പോഴാണ് പുതിയരാജ് വാഹനത്തിൽ ഇല്ലെന്ന് മനസിലാക്കിയത്. തുടർന്ന് എസ്.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് വാഹനം പിടിച്ചെടുത്ത് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിവരം കൈമാറി.

വാഹനത്തിലുണ്ടായിരുന്ന പൊന്നൂസ്, തമിഴ്നാട് സ്വദേശി മുരുകൻ ഭാഗ്യരാജ് എന്നിവർക്കെതിരെ കേസെടുത്ത് ഓച്ചിറയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

കുടുക്കിയത് കൊവിഡ് കെയർ ആപ്പ്

കൊല്ലം റൂറൽ പൊലീസ് ജില്ലയിലേക്ക് പ്രവേശിക്കുന്നതും പുറത്ത് പോകുന്നതുമായ വാഹനങ്ങളുടെയും യാത്രക്കാരുടെയും ചിത്രങ്ങൾ, വിവരങ്ങൾ എന്നിവ പൊലീസ് കൊവിഡ് കെയർ ആപ്പിൽ രേഖപ്പെടുത്തും. ഇത്തരം വാഹനങ്ങളെല്ലാംറൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ സൈബർ സെല്ലിൽ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂമിൽ മോണിട്ടർ ചെയ്യും. നിശ്ചിത സമയത്തിനകം വാഹനങ്ങൾ അതിർത്തി വിട്ട് പോയില്ലെങ്കിൽ വാഹനത്തിന്റെ വിവരങ്ങൾ പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, പൊലീസ് കൺട്രോൾ റൂം എന്നിവർക്ക് കൈമാറും.