എഴുത്തും വായനയും സാംസ്കാരിക-സാഹിത്യ പ്രവർത്തനവും നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവരുടെയും പ്രിയപ്പെട്ട അദ്ധ്യാപകനാണ് പ്രൊഫ. എം. സത്യപ്രകാശം. 2020 മേയ് 20ന് ഇദ്ദേഹത്തിന് 80 വയസ് തികയുകയാണ്. ഇന്നും യുവസഹജമായ ഊർജ്ജസ്വലതയോടെ അദ്ദേഹം പ്രവൃത്തിമണ്ഡലത്തിൽ കർമ്മനിരതനായിരിക്കുന്നു. പഠനത്തിലും വിവിധ കലാ-സാഹിത്യ മേഖലകളിലും ഉന്നത നിലവാരം പുലർത്തിയ 37000 വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി ആദരിച്ച ഒരു മഹത് വ്യക്തിത്വത്തിനുടമയായ അദ്ദേഹം ഇന്നും ചുറുചുറുക്കോടെ പ്രവർത്തിക്കുന്നു. അത്യുത്സാഹത്തിന്റെ മുമ്പിൽ പ്രായം പ്രശ്നമല്ലാതെ മാറിപ്പോകുന്നു. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തിലേറെയായി സാഹിത്യരംഗത്ത് നിസ്തന്ദ്രമായി പ്രവർത്തിച്ചു വരുന്ന പ്രൊഫ. എം. സത്യപ്രകാശം നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും പല വിലപ്പെട്ട കൃതികളും സംഭാവന ചെയ്തു. പ്രബന്ധകാരൻ, സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ, നോവലിസ്റ്റ്, ശ്രീനാരായണ ഗുരുദേവദർശന ചിന്തകൻ, ഇംഗ്ലീഷ് പ്രൊഫസർ തുടങ്ങിയ വിവിധ മേഖലകളിൽ നൽകിയിട്ടുള്ള സേവനങ്ങൾ അവിസ്മരണീയമാണ്. മഹാകവി എം.പി. അപ്പൻ- ഒരു സമഗ്രപഠനം, സരസകവി മൂലൂർ, വിശ്വവനിതാ പ്രതിഭകൾ, ഗുരു- ഒരു യുഗപരിവർത്തന ശില്പി തുടങ്ങിയ ജീവചരിത്ര സംബന്ധികളായ കൃതികൾ എം. സത്യപ്രകാശം എന്ന എഴുത്തുകാരന്റെ സൂക്ഷ്മാവലോകനത്തിന്റെയും ജീവചരിത്ര രചനാ വൈഭവത്തിന്റെയും നേർക്കാഴ്ചകളാണ്. ലേഖനമാല്യം, ചിന്താസൗരഭം, ആശാന്റെ ശില്പശാല, വിശ്വസാഹിതീയ ദർശനം, അനശ്വര ചിന്തകൾ തുടങ്ങിയ പഠനഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ ആഴമേറിയ സാഹിത്യ വിജ്ഞാനത്തിന്റെ നിദർശനങ്ങളായും നിലകൊള്ളുന്നു. തകർന്ന തംബുരു, ആഴിയുടെ മകൾ തുടങ്ങിയ നോവലുകളും ആത്മാവ് അനശ്വരമാണ്, ഇലക്ഷൻ തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും വൈവിദ്ധ്യമേറിയ കലാസൃഷ്ടികളായി നിലകൊള്ളുന്നു. സ്വന്തം പ്രയത്നംകൊണ്ട് പ്രൊഫ. എം. സത്യപ്രകാശം സാഹിത്യലോകത്തു തന്റെ സ്വതന്ത്ര വ്യക്തിത്വം സുസ്ഥിരമാക്കി. എഴുപതിലേറെ കൃതികൾ രചിച്ച ഈ സാഹിത്യ ഭക്തൻ ചൂഷകർക്കെതിരെ ശബ്ദിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ.
പ്രധാന കൃതികൾ
ആത്മാവ് അനശ്വരമാണ്, ഇലക്ഷൻ (ചെറുകഥാസമാഹാരം), അനന്തത, അവളൊരു ദുഃഖം, സഫലമീ ജന്മം, ആഴിയുടെ മകൾ, സ്നേഹതീരം തേടി, ശില്പി, പത്മതീർത്ഥം, തകർന്ന തംബുരു (നോവലുകൾ), ലേഖനമാല്യം, ചിന്താസൗരഭം, ആശാന്റെ ശില്പശാല അഭിമുഖസംഭാഷണങ്ങൾ, കയറിന്റെ കഥ, വിശ്വസാഹിതീദർശനം, ഭാസുരഭാവങ്ങൾ, ഗുരുദേവചിന്താപ്രവാഹം, സർഗ്ഗദീപം, ഭാവദീപ്തി, ശ്രീനാരായണഗുരു ഒരു യുഗപരിവർത്തന ശില്പി, ചിലമ്പൊലി, വിശ്വവനിതാപ്രതിഭകൾ ഭാഗം ഒന്ന്, വിശ്വവനിതാ പ്രതിഭകൾ ഭാഗം രണ്ട്, ഗുരുദേവ ദർശനം, ചരിത്രവീഥിയിലെ നാഴികക്കല്ലുകൾ, വിചാരവീചികൾ, അനർഘദീപ്തി, സപ്തതി മുത്തുകൾ (ലേഖന സമാഹാരങ്ങൾ), മഹാകവി ഡോ. എം.പി. അപ്പന്റെ ലഘുജീവചരിത്രം, സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കർ, മഹാകവി എം.പി. അപ്പൻ ഒരു സമഗ്രപഠനം (ജീവചരിത്രം), വർക്കലയും ശിവഗിരിയും (ബാലസാഹിത്യം), ദളിത് കവിത (കവിത), കടത്തുകാരൻ (തർജ്ജമ),
ഇംഗ്ലീഷ് കൃതികൾ: Gems & Jewels
(Essays), Sree Narayana Guru (Biography), Ferry Man (Novel).
എ.ഐ.ആർ, ടിവി പ്രഭാഷകൻ, വാഗ്മി എന്നീ നിലകളിലും പ്രശസ്തനാണ്. ഇദ്ദേഹത്തെപ്പറ്റി മറ്റുസാഹിത്യ പ്രതിഭകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങളും ശ്രദ്ധേയമാണ്.
ലഭിച്ച അവാർഡുകളിലും ബഹുമതികളിലും ചിലത്
ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രത്തിന് വിവേകോദയം അവാർഡ്
തകർന്ന തംബുരുവിന് കേന്ദ്ര അഡൽറ്റ് എഡ്യുക്കേഷൻ ഡയറക്ടറുടെ പ്രശസ്തിപത്രം
ആഴിയുടെ മകൾക്ക് ഡോ. അംബേദ്കൾ പുരസ്കാരം
സരസകവി മൂലൂർ എന്ന ജീവചരിത്രത്തിന് ബാംഗ്ലൂർ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രശസ്തിപത്രം
സർഗ്ഗദീപത്തിന് കേരള അദ്ധ്യാപക കലാസാഹിത്യ അവാർഡ്
ദളിത് കവിതയുടെ എഡിറ്റിംഗിന് ന്യൂഡൽഹി ഡോ. അംബേദ്കർ ദളിത് സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ്
സാമൂഹ്യ സേവനത്തിന് ഹരിയാന ജയ്മിനി അക്കാദമിയുടെ സുഭദ്രകുമാരി ചൗഹാൻ സ്മാരക അവാർഡ്
മാതൃഭാഷ വികസന സേവനത്തിന് പി.ആർ.ഡി കൊല്ലം യൂണിറ്റിന്റെ പുരസ്കാരം
തിരുവനന്തപുരം ശ്രീനാരായണ അക്കാദമിയുടെ സാഹിത്യനിപുണ അവാർഡ്
തൃശൂർ ശ്രീനാരായണ സാഹിത്യ പരിഷത്തിന്റെ സമഗ്രസാഹിത്യ സംഭാവനയ്ക്കുള്ള അവാർഡ്
അമേരിക്കൻ ശ്രീബുദ്ധ ഫൗണ്ടേഷന്റെ പ്രശസ്തിപത്രം
മഹാകവി അഴകത്ത് പദ്മനാഭക്കുറുപ്പ് പുരസ്കാരം
തെങ്ങമം ബാലകൃഷ്ണൻ സ്മാരക അവാർഡ്
പാലക്കാട് ദർശന വേദിയുടെ സാംസ്കാരിക അവാർഡ്
വിശ്വസാഹിതീദർശനം എന്ന കൃതിക്ക് ചെങ്ങന്നൂർ സഹൃദയവേദിയുടെ അവാർഡ്
കേരളകൗമുദി റീഡേഴ്സ് ക്ലബ്ബിന്റെ പുരസ്കാരം
പ്രൊഫ. വി. സാംബശിവൻ സ്മാരക അവാർഡ്
കൊട്ടിയം എസ്.എൻ പോളിടെക്നിക്കിന്റെ കനക ജൂബിലി സ്മാരക പുരസ്കാരം
ഇലവുംതിട്ട മൂലൂർ സ്മാരക സമിതിയുടെ സിൽവർ ജൂബിലി സ്മാരക അവാർഡ്
പ്രൊഫ. എം. സത്യപ്രകാശം അശീതി സ്മാരക പുരസ്ക്കാരം പ്രൊഫ. ജി.എൻ പണിക്കർക്ക് നൽകാൻ ഗുരദേവകലാവേദി തീരുമാനിച്ചിട്ടുണ്ട്. പണിക്കരുടെ സമഗ്ര സാഹിത്യകൃതികളെ പരിഗണിച്ചും ചെറുകഥാസമാഹാരത്തെ പ്രത്യേകം പരിഗണിച്ചുമാണ് 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്. മേയ് 20 ന് മങ്ങാട് ചേരുന്ന സമ്മേളനത്തിൽ എം.മകേഷ് എം.എൽ.എ അവാർഡ് സമ്മാനിക്കും. അന്ന് നടക്കുന്ന അശീതി സദ്യയ്ക്കശേഷം പ്രൊഫ. സത്യപ്രകാശത്തിന്റെ ഹോം ലൈബ്രറി കൊല്ലം പബ്ളിക് ലൈബ്രറിക്ക് കൈമാറുന്ന ചടങ്ങും നടക്കും
എം. സത്യപ്രകാശത്തെക്കുറിച്ച്
വിവരണം നൽകുന്ന കൃതികൾ
കേരള സാഹിത്യ അക്കാദമി ഡയറക്ടറി, കേന്ദ്രസാഹിത്യ അക്കാദമി ഡയറക്ടറി ന്യൂഡൽഹി, ഏഷ്യാ റഫറൻസ് ഗ്രന്ഥം ന്യൂഡൽഹി, അപ്പന്റെ കാവ്യ പ്രപഞ്ചം- പദ്മശ്രീ ഡോ. വെള്ളായണി അർജ്ജുനൻ, റവ. ഫാദർ ഫെർഡിനന്റ് കായാവിൽ- സ്മരണോപഹാരം, ഡോ. കെ.കെ. ദാമോദരൻ (മുംബൈ) സമഗ്രപഠനം, കെ.കെ. വിശ്വനാഥൻ (മുൻ ഗുജറാത്ത് ഗവർണർ), ഡോ. എം.ആർ. തമ്പാൻ- സത്യപ്രകാശം ഷഷ്ട്യബ്ധപൂർത്തി സുവനീർ, ഗുരുദേവ കലാവേദി സിൽവർ ജൂബിലി സ്മാരക ഗ്രന്ഥം, ആശാൻ അക്കാദമി സുവനീർ, എസ്.എൻ.ഡി.പി നവമി സുവനീർ, ചിന്താതരംഗം ലേഖന സമാഹാരം- ശ്രീനാരായണ അക്കാദമി തിരുവനന്തപുരം.
കൃതികൾക്ക് അവതാരിക
എഴുതിയ പ്രശസ്ത വ്യക്തികൾ
ചെമ്മനം ചാക്കോ, ഡോ. ശൂരനാട് കുഞ്ഞൻപിള്ള, മഹാകവി എം.പി. അപ്പൻ, പദ്മഭൂഷൺ കെ. സുകുമാരൻ, ഡോ. എൻ.എ. കരിം, പ്രൊഫ. കെ. ബാലരാമപ്പണിക്കർ, കെ. സുരേന്ദ്രൻ, പദ്മശ്രീ ഡോ. വെള്ളായണി അർജ്ജുനൻ, ഡോ. എൻ.വി. കൃഷ്ണവാര്യർ, കമലസുരയ്യ, ഡോ. മുൽക്കരാജ് ആനന്ദ്, പ്രൊഫ. ബലറാം മൂസത്, ഡോ. എം. ശ്രീനിവാസൻ, ഡോ. ഉണ്ണിത്തിരി, കാക്കനാടൻ, ഡോ. ജി. പത്മറാവു, ഡോ. എം. ദേവകുമാർ, ഡോ. പ്രമീളാമഹേശ്, ഡോ. എസ്. രാജശേഖരൻ, ഡോ. വെള്ളിമൺ നെൽസൺ, ഡോ. സുകുമാർ അഴീക്കോട്, വയലാ വാസുദേവൻ, സ്വാമി ശാശ്വതീകാനന്ദ, പ്രൊഫ. എൻ. കൃഷ്ണപിള്ള, ഡോ. ബി. സീരപാണി.
ജന്മം നൽകിയ പ്രസ്ഥാനങ്ങളും സംഘടനകളും
വർക്കല ആർട്ട്സ് ഫോറം, കൊല്ലം ഗുരുദേവ കലാവേദി, ഇലവുംതിട്ട മൂലൂർ സ്മാരക സമിതി, തിരുവനന്തപുരം സഹൃദയ മണ്ഡലം, പുനലൂർ ആർട്ട്സ് സെന്റർ, തിരുവനന്തപുരം യംഗ് റൈറ്റേഴ്സ് യൂണിയൻ, മാവേലിക്കര എസ്.എൻ ആർട്ട്സ് സെന്റർ, പാലക്കാട്ട് വേദാന്ത സ്റ്റഡി സെന്റർ, ചാത്തന്നൂർ മൂലൂർ സാഹിത്യ സദസ്, ആർ. ശങ്കർ സ്റ്റഡി സെന്റർ നഗരൂർ, കൊട്ടാരക്കര ചേത്തടി ആശാൻ സ്മാരക സമിതി, ഓച്ചിറ എസ്.എൻ കലാമന്ദിരം, മണനാക്ക് ശ്രീനാരായണ കലാസമിതി എന്നീ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ സ്ഥാപകനാണ്. ഗുരുദേവ കലാവേദി സംസ്ഥാന പ്രസിഡന്റ്, തിരുവനന്തപുരം ശ്രീനാരായണ അക്കാദമി മുൻ ജനറൽ സെക്രട്ടറി, മുംബൈ ശ്രീനാരായണ മന്ദിര സമിതിയുടെയും കൊല്ലം സർഗ്ഗസാഹിതിയുടെയും ഉപദേശക സമിതി അംഗം, വർക്കല താലൂക്ക് രൂപീകരണ കമ്മിറ്റി മെമ്പർ, കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ ഗവേണിംഗ് ബോഡി മെമ്പർ, തിരുവനന്തപുരം ആശാൻ അക്കാദമി അസി. സെക്രട്ടറി, കൊട്ടാരക്കര സി.വി. രാമൻ ഫൗണ്ടേഷൻ മെമ്പർ എന്നീ നിലകളിൽ വിവിധ കലാ-സാംസ്കാരിക പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പലതിലും ഇപ്പോഴും സജീവമാണ്.
കുടുംബം
20-05-1940ൽ തിരുവനന്തപുരം കടയ്ക്കാവൂർ നിലത്തിൽ തെക്കുംഭാഗത്ത് പുരാണ പാരായണ പ്രവീണൻ കെ.വി. മാധവന്റെയും ആർ. കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. സത്യൻ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. സ്കൂൾ വിദ്യാഭ്യാസം- കടയ്ക്കാവൂരിൽ, ഉപരിപഠനം- കൊല്ലം എസ്.എൻ കോളേജിലും, സാഗർ യൂണിവേഴ്സിറ്റിയിലും. 1961ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ ഡിഗ്രി പാസ്സായി സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. 1965ൽ ജോലി രാജിവച്ചു. തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ പാസ്സായി വർക്കല ശിവഗിരി എസ്.എൻ കോളേജിൽ അദ്ധ്യാപകനായി. ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലും ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ആദ്യകാലത്ത് ഗലീലിയോ എന്ന തൂലികാനാമത്തിൽ എഴുതി. പ്രഥമ സാഹിത്യ രചന ''ചക്രധരനായ സി.വി. കുഞ്ഞുരാമൻ"" എന്ന ലേഖനമായിരുന്നു.
1968ൽ പിതാവ് മരിച്ചു. 1970ൽ മാത്സ് ലക്ചറർ സുജാത ടീച്ചറെ വിവാഹം ചെയ്തു. 1993ൽ ഭാര്യ പ്രൊഫ. കെ. സുജാത മരിച്ചു. തുടർന്ന് പുനർവിവാഹിതനായി.
ഭാര്യ: ജലജ പ്രകാശം, മക്കൾ: ശ്യാംകുമാർ, ദീപ മനോജ്. മരുമക്കൾ: പി. മനോജ്, പ്രഭാദേവി. ചെറുമകൾ: ഡി.എം. ചന്ദന.
വിലാസം: ജലജ ഭവൻ, മങ്ങാട്, കൊല്ലം. ഫോൺ: 0474-2712384, 9567890792.