തൃപ്രയാർ: മൂത്തമകൾ അമൃത ഡോക്ടറായതിന്റെ ആഹ്‌ളാദത്തിലാണ് എടത്തിരുത്തി പൈനൂർ രജീബും ഭാര്യ ഷിനിയും. കാരണവന്മാരുടെയും ദൈവത്തിന്റെയും അനുഗ്രഹമാണ് ഈ ഭാഗ്യമെന്ന് പിതാവ് പല്ലയിൽ രജീബ് പറയുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു ജീവിതം. മകളുടെ പഠിപ്പിന് ഒത്തിരിപ്പേർ സഹായിച്ചു. നമ്മുടെ നാട്ടിലെ കുട്ടിയല്ലേ, അവൾ പഠിക്കട്ടെ എന്നായിരുന്നു അവരുടെ വാക്കുകൾ. ബാങ്ക് ലോൺ കിട്ടുന്നതിന് സാലറി സർട്ടിഫിക്കറ്റ്, കോളേജിൽ പോകാൻ കാർ, പെട്രോൾ അടിക്കാൻ പണം, അമൃതയുടെ അക്കൗണ്ടിലേക്ക് ആരും അറിയാതെ പണം അങ്ങനെ എന്തെല്ലാം സഹായങ്ങൾ. രജീബും കുടുംബവും ഏഴ് വർഷമായി വാടാനപ്പിള്ളിയിൽ വാടക വീട്ടിലാണ് താമസം.

'വലപ്പാട്ടെ അബൂക്കയുടെ സഹായം വലിയൊരു അനുഭവമായിരുന്നുവെന്ന് രജീബ് പറയുന്നു. എന്നെയും കൂട്ടി നിരവധി പേരുടെ അടുത്തുപോയി വലിയൊരു തുക പിരിച്ചുതന്നു. കൂടാതെ പെരിങ്ങോട്ടുകരയിലെ പ്രദീപേട്ടനും സഹപാഠികളും സുഹൃത്തുക്കളും'.

രണ്ടാമത്തെ മകൻ അബുജിത്ത് റോയ് ടെക്‌നീഷ്യൻ കോഴ്‌സ് പാസായി. മക്കളെ പഠിപ്പിച്ച് ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. മകളുടെ കാര്യത്തിലാണ് അനുഗ്രഹം ലഭിച്ചത്. അമൃത ഇപ്പോൾ അടൂർ മൗണ്ട്‌ സിയോൺ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്നു. എടത്തിരുത്തിയിൽ 3 സെന്റ് സ്ഥലം സ്വന്തമായുണ്ടായിരുന്നു. മകളുടെ പഠിപ്പിനായി പണയം വെച്ചു. സ്ഥലം വീണ്ടെടുക്കാനാവാത്ത സാഹചര്യമാണിപ്പോൾ. ഹോട്ടലിൽ പണിയെടുത്താണ് കുടുംബം പോറ്റിയത്. അതിനിടയിലായിരുന്നു മക്കളുടെ പഠിപ്പും. എല്ലാറ്റിനും സഹോദരൻ അരുണേട്ടന്റെയും സഹായം ഉണ്ടായിരുന്നു. മകളെ മെഡിക്കൽ കോഴ്‌സിന് ചേർത്തതോടെ വാർഷിക ഫീസ് കൊടുക്കാനും ലാബ് മെറ്റീരിയൽസ് വാങ്ങാനും ഓടിക്കൊണ്ടിരിക്കുകയായിരുന്നു. നാട്ടികയിൽ ഉൾപ്പെടെ പല പ്രമുഖരെയും സമീപിച്ചു. പുലർച്ചെ, നട്ടുച്ച, വൈകിട്ട് ഇടതടവില്ലാതെ പല മാനേജർമാരെയും കണ്ടു. പത്തുരൂപ പോലും ലഭിച്ചില്ല. നിരവധി തവണ അപേക്ഷിച്ചിട്ടും കോടീശ്വരന്മാർ കനിഞ്ഞില്ല. അതേസമയം മറ്റുള്ളവർ കൈയയഞ്ഞ് സഹായിച്ചെന്ന് രജീബ് പറഞ്ഞു. അഡ്മിഷൻ സമയത്തായിരുന്നു ഞെട്ടൽ. സർട്ടിഫിക്കറ്റും എല്ലാം നൽകി. അഡ്മിഷൻ ഫീസ് പറഞ്ഞപ്പോഴായിരുന്നു അമ്പരപ്പ്. 25,000 രൂപ, ഒരു ദിവസം കാത്തുനിൽക്കില്ലെന്നായി അവർ. വൈകീട്ട് നാലുമണി. ഭാഗ്യത്തിന് അമൃതയുടെ കഴുത്തിലെ മാല ഊരി വാങ്ങി ഓട്ടോ വിളിച്ച് മുത്തൂറ്റ് ഫിനാൻസിലേക്ക്. പണമടച്ച് അഡ്മിഷൻ കിട്ടിപ്പോൾ അഞ്ചര. ഇതെല്ലാം മറക്കാൻ കഴിയാത്ത കാര്യങ്ങളെന്ന് രജീബ് പറയുന്നു.