കയ്പമംഗലം: ദുബായിൽ കൊവിഡ് 19 ബാധിച്ച് തൃശൂർ കയ്പമംഗലം സ്വദേശി മരിച്ചു. മൂന്നുപീടിക പടിഞ്ഞാറ് പുത്തൻ പള്ളിക്ക് സമീപം താമസിക്കുന്ന തേപറമ്പിൽ പരീത് (67) ആണ് ചൊവ്വാഴ്ച രാത്രി 11 ന് ദുബായിലെ ആശുപത്രിയിൽ മരിച്ചത്. കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന പരീതിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്.
തുടർന്ന് ദുബായിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണ വിവരം യു.എ.ഇ അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കാൻസർ ചികിത്സയിൽ ആശുപത്രിയിൽ കഴിയവേയാണ് കൊവിഡ് 19 ബാധിച്ചത് എന്നറിയുന്നു. ഇയാളുടെ ബന്ധുക്കളും ദുബായിൽ നിരീക്ഷണത്തിലാണ്. ഏറെക്കാലം ദുബായിൽ ജോലി ചെയ്തിരുന്ന പരീത് നാട്ടിൽ വന്ന ശേഷം തൊട്ടടുത്ത് പുത്തൻ പള്ളിയിൽ മുഅദ്ദിൻ ആയി സേവനം അനുഷ്ഠിച്ചിരുന്നു.
കാൻസർ ബാധിതനായതിനെ തുടർന്ന് പത്ത് മാസങ്ങൾക്ക് മുമ്പ് ദുബായിൽ ജോലി ചെയ്യുന്ന മക്കളോടൊപ്പം ചികിത്സാർത്ഥം കുടുംബ സമ്മേതം താമസിച്ചു വരികയായിരുന്നു. ഭാര്യ: നഫീസ, മക്കൾ: ഫൈസൽ, അബ്ദുൽ ഫത്താഹ്, സൈഫുദീൻ, സാജിദ്. മരുമക്കൾ: സന, അഷ്‌ന, നസിയ. കബറടക്കം ദുബായിൽ നടത്തി.