തൃശൂർ: ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ സ്വരം കടുപ്പിച്ചു പറഞ്ഞ പൊലീസ് കഴിഞ്ഞ രണ്ടു ദിനങ്ങളിൽ അൽപ്പം അയവു വരുത്തിയപ്പോൾ അത് മുതലാക്കി വീണ്ടും പുറത്തിറങ്ങിയവരെ പൊക്കിത്തുടങ്ങി. ഈ ഒരാഴ്ച നിർണായകമാണെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെയാണ് കറക്കക്കാരെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്.
ഇന്നലെ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ അനാവശ്യമായി കറങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടം കൂടി നിന്നവരെയും പൊലീസ് പൊക്കി. നേരത്തെ വണ്ടികളെയാണ് പിടിച്ചെടുത്തിരുന്നതെങ്കിൽ ഇന്നലെ മുതൽ ആളുകളെയും കസ്റ്റഡിയിൽ എടുക്കുന്നുണ്ട്. കടകളിൽ അഞ്ചിൽ കൂടുതൽ പേരെ നിൽക്കാൻ അനുവദിച്ചാൽ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുമെന്നും സ്ഥാപനം അടപ്പിക്കുമെന്ന മുന്നറിയിപ്പും നൽകി.
സൗജന്യ റേഷൻ വിതരണം ആരംഭിച്ചതോടെ റേഷൻ കടകളുടെ പരിസരത്തും ആൾ കൂട്ടം കാണപ്പെട്ടു. മഞ്ഞ, പിങ്ക് കളറുകളിൽ ഉള്ള കാർഡുടമകൾക്ക് രാവിലെയും നീല, വെള്ള കാർഡുകാർക്ക് ഉച്ചയ്ക്ക് ശേഷവുമാണ് സാധനങ്ങൾ നൽകിയിരുന്നത്. റേഷൻ കടകളിൽ ആരോഗ്യ വകുപ്പും പൊലീസും പരിശോധന നടത്തി സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം നൽകി.