കൊടുങ്ങല്ലൂർ: നഗരസഭാ പ്രദേശത്തെ ക്ഷീര കർഷകർക്ക് ആശ്വാസം പകർന്ന് നഗരസഭ 10 ലക്ഷം രൂപ ബോണസായി വിതരണം ചെയ്തു. പാൽ ഉത്പാദന ബോണസായാണ് ഈ തുക വിതരണം ചെയ്തത്. കൊറോണയുടെ പശ്ചാത്തലത്തിൽ നഗരസഭയിൽ നിന്ന് ഇങ്ങനെയൊരു ധനസഹായം ലഭിച്ചതിൽ ആഹ്‌ളാദത്തിലാണ് ക്ഷീര കർഷകർ. കഴിഞ്ഞ വർഷമാണ് ക്ഷീര കർഷകർക്കായി കൊടുങ്ങല്ലൂർ നഗരസഭ ആദ്യമായി ഈ പദ്ധതി നടപ്പാക്കുന്നത്.

നഗരസഭാ പരിധിയിലെ 260 ക്ഷീരകർഷകർക്കാണ് സാമ്പത്തികാനുകൂല്യം ലഭിച്ചത്. 75 രൂപ മുതൽ 38000 രൂപ വരെ ബോണസ് ലഭിച്ച കർഷകരുണ്ട്. ഒരു ലിറ്റർ പാലിന് 4 രൂപ നിരക്കിലാണ് നഗരസഭ ബോണസ് നൽകുന്നത്. ഓരോ കർഷകനും പാൽ അളക്കുന്നതിന്റെ കണക്ക് ക്ഷീര കർഷക സംഘത്തിൽ നിന്ന് ലഭിക്കുന്നതിന് അനുസൃതമായാണ് പണം നൽകിയത്. കൂടുതൽ പാൽ അളക്കുന്നവർക്ക് ബോണസ് സംഖ്യ കൂടുതൽ ലഭിച്ചു. 5000 രൂപയും 10,000 രൂപയുമൊക്കെ കിട്ടിയ കർഷകരുണ്ട്.

നഗരസഭ അർഹരായ ഗുണഭോക്താക്കൾക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ ബോണസ് സംഖ്യ നിക്ഷേപിച്ചു കഴിഞ്ഞതായി ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു. സാങ്കേതിക പ്രശ്‌നങളുയർത്തി മുനിസിപാലിറ്റിക്ക് വേണ്ടി ഈ പദ്ധതി നിർവഹണത്തിന് തയ്യാറല്ല എന്ന നിലപാടാണ് നിർവഹണ ഉദ്യോഗസ്ഥയായ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ കഴിഞ്ഞ വർഷം കൈക്കൊണ്ടത്. തുടർന്ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ക്ഷീരവികസന ഓഫീസറുടെ സഹായത്തോടെ നഗരസഭാ സെക്രട്ടറി ടി.കെ.സുജിത്തിനെ നിർവ്വഹണം ഏൽപ്പിച്ച് പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുകയായിരുന്നു.

കൊവിഡ് 19 ദുരിതകാലത്ത് ക്ഷീര കർഷകർക്ക് ഇത്തരത്തിൽ സഹായം എത്തിക്കാനായി എന്നത് ആശ്വാസകരമാണെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. ഈ വർഷം പശുവിനെ വാങ്ങുന്നതിന് 50,000 രൂപ വരെ ആനുകൂല്യം നൽകുന്ന പദ്ധതിയും കാലിത്തീറ്റ വാങ്ങുന്നതിനു് സബ്‌സിഡി നൽകുന്ന പദ്ധതിയും കന്നുകുട്ടി പരിപാലന പദ്ധതിയും തുടർന്നും നടപ്പിലാക്കുമെന്നും ചെയർമാൻ അറിയിച്ചു.