ചാലക്കുടി: കൊറോണക്കാലം കണിക്കൊന്നകൾക്കും ദുരിതം സമ്മാനിക്കുകയാണോ, അങ്ങനെ വേണം കരുതാൻ. നാടായ നാടെല്ലാം പൂത്തുലഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ഇവയെ തിരിഞ്ഞു നോക്കാൻപോലും ആളില്ല. മീനം പാതിപിന്നിട്ടു, മേടപ്പുലരയിൽ അഴകിൻ സന്തതികളായ തങ്ങളുടെ പൂക്കളെത്തേടി ആളുകൾ എത്തുമെന്നായിരിക്കും ഇവയുടെ പ്രതീക്ഷ. പക്ഷേ, ഇക്കുറി അതുണ്ടാകുമോയെന്ന് കണ്ടുതന്നെ അറിയണം. കൊവിഡ് 19നെ ഭയന്ന് വീടിനകത്തു ഒതുങ്ങിക്കൂടുന്ന ജനങ്ങൾക്ക് 2020ലെ കണിക്കൊന്നകളും വിഷുവും ചിന്താവിഷയമല്ലാതാവുകയാണ്.
ഈ സംസ്ഥാന പുഷ്പം കാലം തെറ്റി പൂക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. കാലാവസ്ഥ വ്യതിയാനമായി കാർഷിക വൃത്തങ്ങൾ ഇതിനെ വ്യാഖ്യാനിച്ചു. മണ്ണിൽ ജലാംശം കുറയുന്ന കാലഘട്ടാണ് അഴകിന്റെ പൂക്കുലകളുമായി കൊന്നകൾ പുഷ്പിക്കുക. പ്രകൃതിയുടെ മുന്നറിയിപ്പോണോ ഇതെന്ന് അറിയില്ല, കുറേക്കാലമായി മഴക്കാലത്തും പൂത്തു നിൽക്കുന്ന കണിക്കൊന്നൾ സാധാരണമായിക്കഴിഞ്ഞു. കേരളത്തിന്റെ പുഷ്പമാണെങ്കിലും ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും കണിക്കൊന്ന സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
മലയാള വർഷാരംഭമായ മേടം ഒന്നിനെ കണിയൊരുക്കി ഉണർത്തുന്ന മുഖ്യ ദൗത്യം ചുമലിലായതിനാൽ കാർഷിക കേരളത്തിൽ ഇവയ്ക്ക് മുഖ്യ സ്ഥാനം നൽകുന്നു. എന്നാൽ പ്രളയക്കാലത്തെ ഓണപ്പൂക്കളം പോലെ ഇക്കുറി വിഷുക്കാലം കണിക്കൊന്നയ്ക്കും കൈപ്പേറിയ അനുഭവമായിരിക്കും കൈനീട്ടം നൽകുക.
..........................
ഒന്നാന്തരം ഔഷധത്തിനും...
കൊന്നൈ എന്ന പേരിൽ ഇവ വ്യാവസായിക അടിസ്ഥാനത്തിലും തമിഴ്‌നാട്ടിൽ പ്രചരിക്കുന്നു. അമൽതാഫ് എന്ന് ഹിന്ദി മേഖലയിൽ അറിയപ്പെടുന്ന കണിക്കൊന്നയുടെ ദൗത്യം വെറുമൊരു കണിയൊരുക്കലിൽ ഒതുങ്ങുന്നതല്ലെന്ന് എത്ര പേർക്ക് അറിയാം. ഒന്നാന്തരം ഔഷധ മരം കൂടിയാണിത്. കടുകാമലാദി കഷായം, വശിഷ്ട രസായനം തുടങ്ങിയ ആയൂർവേദ മരുന്നുകളുടെ ചേരുവയാണ് കണിക്കൊന്നയുടെ മരപ്പട്ടകൾ. ത്വക്ക് രോഗത്തിന് പ്രതിവിധിയായ പട്ടകഷായവും ഇതുപയോഗിച്ച് തയ്യാറാക്കാം. കണിക്കൊന്നക്കായയുടെ കുരുവിൽ നിന്നും മലബന്ധത്തിനും വയറുവേദനയ്ക്കും മരുന്നു തയ്യാറാക്കുന്നുണ്ട്.