തൃശൂർ: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ ശുചിത്വമില്ലാത്തതും അനാരോഗ്യകരവുമായതും വെറും 15 ശതമാനം മാത്രം. ക്യാമ്പുകളിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നുവെന്നതിന്റെ സൂചന കൂടിയായി.
അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണ ദൗത്യവുമായി ആയുഷ് വകുപ്പ് ആരംഭിച്ച പദ്ധതി 'ആയുർ രക്ഷ'യുടെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിൽ ക്യാമ്പുകളിൽ കണക്കെടുപ്പ് തുടങ്ങിയത്.
കളക്ടറുടെ നിർദ്ദേശപ്രകാരം, ക്യാമ്പുകളുടെ പൊതുശുചിത്വം, വ്യക്തി ശുചിത്വം, ഭക്ഷണലഭ്യത, പകർച്ചവ്യാധി, താമസ സൗകര്യം എന്നിവ പരിശോധിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കിയത്. ഭാരതീയ ചികിത്സാ വകുപ്പിലെ ഡോക്ടർമാരാണ് നേതൃത്വം നൽകുന്നത്. ഹോമിയോ മെഡിക്കൽ ഓഫീസർമാർ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയിലെ ഡോക്ടർമാർ, ആശാ വർക്കർമാർ തുടങ്ങിയ സന്നദ്ധ പ്രവർത്തകരുടെ സംഘം പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെയാണ് താമസസ്ഥലങ്ങളിൽ ചെന്ന് പരിശോധന നടത്തുന്നത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടെ മറ്റൊരു പകർച്ചവ്യാധികളും അന്യസംസ്ഥാന തൊഴിലാളികൾക്ക് ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ പ്രത്യേകമായി ക്യാമ്പ് തുടങ്ങാൻ തീരുമാനിച്ചത്.
ക്യാമ്പുകളിലേക്ക് കളക്ടറും
കൊടകരയിലും കോട്ടപ്പുറത്തുമുളള ക്യാമ്പുകളിൽ കളക്ടർ എസ്. ഷാനവാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലജ കുമാരി എന്നിവർ സന്ദർശനം നടത്തി. രോഗ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകളും പകർച്ച വ്യാധി, ത്വക് രോഗങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാനുളള ചികിത്സ ആയുഷ് വകുപ്പുകൾ ഉറപ്പുവരുത്തുമെന്ന് ആയുഷ് മിഷൻ പ്രോഗ്രാം മാനേജർ ഡോ. എൻ.വി. ശ്രീവൽസ്, ടാസ്‌ക് ഫോഴ്‌സ് കൺവീനർ കെ.വി.പി. ജയകൃഷ്ണൻ എന്നിവർ അറിയിച്ചു.
മൊത്തം താമസസ്ഥലങ്ങൾ: 1250.
താമസക്കാർ: 25000.
പരിശോധന പൂർത്തിയാക്കിയത്: 14000 തൊഴിലാളികളിൽ
മരുന്ന് നൽകിയത്: 9000 പേർക്ക്.
നടപ്പാക്കിയത്:
ഭക്ഷണം ഇല്ലാത്ത സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള സൗകര്യം ചെയ്തു
സാംക്രമിക രോഗങ്ങൾ തടയാൻ ബോധവത്കരണ ക്ലാസുകളും ഔഷധങ്ങളും നൽകി.
അന്തരീക്ഷ ശുചീകരണത്തിന് അപരാജിത ധൂമചൂർണ്ണം വിതരണം ചെയ്തു
വെള്ളം തിളപ്പിച്ചു കുടിക്കുന്നതിന് ഷഡംഗം ചൂർണം ലഭ്യമാക്കി
ക്യാമ്പുകളിലെ പ്രാഥമിക പരിശോധന മൂന്നോ നാലോ ദിവസത്തിനുളളിൽ പൂർത്തിയാകും. ഭക്ഷണത്തിന്റെ കുറവ് ഉണ്ടായിരുന്നത് ഏതാനും സ്ഥലങ്ങളിൽ മാത്രമാണ്. അവിടെ ഭക്ഷണം എത്തിച്ചു. ആദ്യഘട്ടത്തിനു ശേഷം വീണ്ടും ക്യാമ്പ് തുടരും.
- ഡോ. സലജകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാവകുപ്പ്