തലോർ: പ്രസിദ്ധ മേളപ്രമാണി ചക്കംകുളം അപ്പുക്കുട്ടൻ മാരാർ (91) നിര്യാതനായി. തലോർ ചക്കംകുളങ്ങരയിലെ മാരാത്ത് വീട്ടിൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു.. ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി.
ചക്കംകുളങ്ങര മാരാത്ത് കുഞ്ഞുകുട്ടി മാരസ്യാരുടെയും പണ്ടാരത്തിൽ നാരായണ മാരാരുടെയൂം മകനാണ് അപ്പുക്കുട്ടൻ മാരാർ. പരേതനായ ചക്കംകുളം അപ്പുമാരാരുടെ സഹോദരനുമാണ്. തൃശൂർ പൂരം, ആറാട്ടുപുഴ പൂരം, കൂടൽമാണിക്യം തുടങ്ങി മിക്ക മേളപ്രാധാന്യമുള്ള പൂരങ്ങളിലും വലന്തല പ്രമാണിയായിരിക്കുന്നു.
അന്തിക്കാട്, ചക്കംകുളം, വയലൂർ എന്നീ ക്ഷേത്രങ്ങളിലടക്കം നിരവധി ക്ഷേത്രങ്ങളിലെ മേളപ്രമാണിയായിരുന്നു ഇദ്ദേഹം. നിരവധി ക്ഷേത്രങ്ങളിലെ അടിയന്തരക്കാരനുമാണ്. പിതാവിൽ നിന്നുമാണ് മേളത്തിന്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കിയത്. തുടർന്ന് അമ്മാവനിൽ നിന്നും പിന്നീട് ജ്യേഷ്ഠസഹോദരനായ ചക്കകുളം അപ്പുമാരാരിൽ നിന്നും കൂടുതൽ പരിശീലനം ലഭിച്ചു.
മുൻകാലമേളങ്ങളിൽ ചക്കംകുളം സഹോദരന്മാരുണ്ടെന്ന് അറിഞ്ഞാൽ മേളത്തിന് വൻ ആൾക്കൂട്ടം തന്നെ ഉണ്ടാകുമായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റേത് അടക്കം നിരവധി ക്ഷേത്രങ്ങളിൽ നിന്നും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആസ്വാദ്യകരമായ വാദനവൈഭവത്തിനൊപ്പം സരസവും ആത്മാർത്ഥതയും സ്‌നേഹവും നിറഞ്ഞ പ്രകൃതമായിരുന്നു മാരാരുടേത്.
വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ കലാകാരന്മാരോടും അടുത്തസ്‌നേഹം പുലർത്തിയിരുന്നു. കഴിഞ്ഞ 8 വർഷമായി വിശ്രമജീവിതത്തിലായിരുന്നു. അവിവാഹിതനാണ്. പരേതരായ ലക്ഷിമിക്കുട്ടി മാരസ്യാർ, ഇട്ടുണ്ണൂലി മാരസ്യാർ എന്നിവർ മറ്റു സഹോദരങ്ങളാണ്.