ചാലക്കുടി: അതിരപ്പിള്ളിയിലെ പിള്ളപ്പാറ മലയർ കോളനിയിൽ ഭൂചലനം ഉണ്ടായതായി സംശയം. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച ഉച്ചയ്ക്കുമാണ് മലയിൽ വൻ ശബ്ദം കേട്ടതായി കോളനി നിവാസികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. ഉച്ചയ്ക്ക് ഭൂമി വിറയ്ക്കുന്നതു പോലെ അനുഭപ്പെട്ടുവെന്നും ഇവർ പറഞ്ഞു.
ഇതേ തുടർന്ന് പഞ്ചായത്ത്, റവന്യു അധികതർ സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാൽ പ്രത്യക്ഷത്തിൽ യാതൊന്നും കണ്ടെത്തിയില്ല. കൊവിഡ് 19 മഹാദുരിതത്തിനിടെ ഭൂമികുലുക്കമെന്ന ആശങ്ക കോളനി നിവാസികളെ കൂടുതൽ അങ്കലാപ്പിലാക്കി.
പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷ കെ.എം. ജോഷി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രദീപ്, ഡെപ്യൂട്ടി വില്ലേജ് ഓഫീസർ മധു എന്നിവരാണ് അന്വേഷണം നടത്തിയത്.