മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. കൂട്ടം ചേർന്ന് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവി. അതിനാൽ ലോക്ക് ഡൗണിൽ നിഷ്ക്രിയമായി ഇരിക്കുന്ന അവസ്ഥ നമ്മെ ഉത്കണ്ഠാകുലരാക്കിയേക്കും. അതിജീവിക്കാൻ നിഷ്ക്രിയത്വത്തിൽ നിന്നും തിരക്കുള്ളവരായി നാം മാറണമെന്ന് മനശാസ്ത്ര വിദഗ്ദ്ധർ പറയുന്നു. എങ്ങനെ ?. ഉറങ്ങും മുതൽ ഉണരും വരെയുള്ള സമയം കൃത്യമായി വിഭജിച്ച് ഉപയോഗിക്കുക. ഇടവേളകളിലെ ഭക്ഷണം കഴിക്കൽ, ഉറക്കം, ഉണരൽ, വ്യായാമം, സാമൂഹികബന്ധം നിലനിറുത്തൽ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും സമയം നിശ്ചയിക്കുക. ഷെഡ്യൂളിൽ കുട്ടികൾ, ഭർത്താവ്, ഭാര്യ എന്നിവരെ കൂട്ടായ പങ്കാളികളാക്കി ഫാമിലി ഷെഡ്യൂളും കുടുംബാംഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം ഷെഡ്യൂളും തയ്യാറാക്കാം. ഇതിനായി പരിഗണിക്കേണ്ട ആറ് വിഷയങ്ങളുണ്ട്.
1. സ്വയം അറിയുക
വ്യക്തിപരമായി തയ്യാറാക്കുമ്പോൾ നമ്മുടെ താൽപ്പര്യങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്ന ലിസ്റ്റ് തയ്യാറാക്കുക. പണ്ട് നമുക്ക് ഇഷ്ടപ്പെട്ടിരുന്ന പല കാര്യങ്ങൾക്കും (നൃത്തം, എഴുത്ത്, പാചകം, ക്രാഫ്റ്റ്, തുന്നൽ, യോഗ) ലിസ്റ്റിൽ ഇടം കൊടുക്കുക. അടുക്കളയിലെ ജോലി, വിനോദം, അറിവ് എന്ന രീതിയിലും ദിവസത്തെ ക്രമപ്പെടുത്തുക.
2. പെരുമാറ്റത്തിൽ അലിവും കരുണയും
കടുത്തകാലമാണിത്. നമ്മുടെ സ്വഭാവത്തിലും അത് പ്രതിഫലിക്കും എന്ന സ്വയം കരുതൽ വേണം. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ കൂടുതൽ അലിവും കരുണയും കാണിക്കേണ്ട കാലമാണ്. പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും വയസായവരോടും.
4. ബന്ധങ്ങളെ കരുതുക
സാമൂഹികമായി അകലം പാലിക്കുകയാണ് നമ്മൾ. പക്ഷേ സാമൂഹിക മാദ്ധ്യമങ്ങളുടെ കാലഘട്ടത്തിൽ ഒറ്റയ്ക്കാണെന്ന ബോധം മറികടക്കാൻ വാട്‌സ് ആപ്, ഫേസ് ബുക്ക് ഗ്രൂപ്പുകളിലൂടെ കഴിയും. ബന്ധുക്കളെ ഇടവേളകളിൽ ബന്ധപ്പെടുക. രസത്തിനായി മാത്രമല്ല ക്രിയാത്മക സംവാദങ്ങൾക്കും സർഗ്ഗാത്മക രചനകൾക്കും സാമൂഹിക മാദ്ധ്യമങ്ങളിൽ അവസരമുണ്ട്. ഏറിയ സമയവും ഇവ ഉപയോഗിക്കുന്നതും നന്നല്ല.
5. മനസ് എല്ലാറ്റിലും പ്രധാനം
വ്യക്തിപരമായും കുടുംബത്തിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തിലും പ്രസന്നത പകരാനുള്ള പ്രവൃത്തികളും വിനോദങ്ങളും ഉൾപ്പെടുത്തുക. ടി.വി പ്രോഗ്രാമുകളിൽ മുതൽ കൂട്ടായി കളിക്കാവുന്ന കളികളിൽ വരെ കൂട്ടായ്മയ്ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. റിഫ്രഷ് ചെയ്യാൻ യോഗയോ സംഗീതമോ നൃത്തമോ വ്യായാമമോ കൂട്ടായി ആസ്വദിക്കുകയോ ചെയ്യുകയോ ചെയ്യാം. ഇഷ്ടപ്പെടുന്ന കഥകൾ പരസ്പരം പറയാം. കുട്ടിക്കൊപ്പം പടം വരയ്ക്കാം. എന്തുമാകാം. നന്നായി ഉറങ്ങുക.
6. നന്നായി കഴിക്കുക
വിറ്റാമിൻ എ, ബി, സി, ഡി ആൻഡ് ഇ എന്നിവ അടങ്ങിയ ആഹാരം കഴിക്കുക. പച്ചക്കറികളും ഫലവർഗ്ഗങ്ങളും അടങ്ങിയ ഭക്ഷ്യ ഇനങ്ങൾക്ക് മുൻതൂക്കം നൽകുക. മാംസാഹാരം നല്ലവണ്ണം പാകം ചെയ്ത് കഴിക്കുക.
7. സർഗ്ഗാത്മകത/അറിവ്
കഴിഞ്ഞകാലത്തെ നിങ്ങളുടെ കഴിവുകളെ, സർഗ്ഗാത്മകതയെ ഈ ഒറ്റപ്പെട്ടുപോകുന്ന കാലത്തോട് തുന്നിച്ചേർക്കാം. പാചകം, വായന, പൂന്തോട്ട പരിപാലനം, കൃഷി തുടങ്ങി ഇഷ്ടപ്പെടുന്ന എന്തിനും സമയം കണ്ടെത്തുക. പുതുതായി ഓരോ ദിനവും എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുക. അറിവിനും ഷെഡ്യൂളിൽ പ്രാധാന്യം കൊടുത്താൽ ഭാവിയിലേക്കും ഗുണം ചെയ്യും.