തൃശൂർ : ഭൂമിയിലെ ദേവസംഗമമെന്ന് അറിയപ്പെടുന്ന ആറാട്ടുപുഴ പൂരം ഇത്തവണയില്ല. പൂരപ്പാടത്ത് കൂട്ടിയെഴുന്നള്ളിപ്പിനുള്ള ഒരുക്കങ്ങളില്ല. വീഥികളിൽ ദേവിദേവന്മാരെ വരവേൽക്കുന്നതിനുള്ള ആൾക്കൂട്ടങ്ങളില്ല. എല്ലായിടത്തും പൂരത്തിന്റെ ഓർമ്മകൾ പങ്ക് വയ്ക്കൽ മാത്രം. പൂരം മുടങ്ങിയ ചരിത്രം കേട്ടുകേൾവി പോലുമില്ലെന്ന് പഴമക്കാർ പറയുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 1438-ാംമത് പൂരമാണ് ഇത്തവണത്തേത്. മുപ്പത്തിമുക്കോടി ദേവകളുടെ സാന്നിദ്ധ്യമുള്ളതാണ് ആറാട്ടുപുഴ പൂരമെന്നാണ് സങ്കൽപ്പം. തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ദേവീ-ദേവന്മാർ ഇപ്പോൾ ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും 24 ക്ഷേത്രങ്ങൾ ഈ പൂരത്തിന്റെ ഭാഗമാണ്. ഇതിൽ തിരുവുള്ളക്കാവ് ശാസ്താവ് പൂരത്തിൽ പങ്കെടുക്കില്ലെങ്കിലും പൂരത്തിന്റെ കൊടിയേറ്റം ഉണ്ട്. കൊവിഡ് 19നെ തുടർന്നാണ് ഇത്തവണ പൂരം ഉപേക്ഷിച്ചത്. ചേർപ്പ് ഭഗവതിയുടെയും തിരുവുള്ളക്കാവ് ശാസ്താവിന്റെയും കൊടിയേറ്റം മുതൽ ആറാട്ടുപുഴ പൂരത്തിന്റെ ചടങ്ങുകൾ ആരംഭിക്കും. പൂരം സജീവമാകുന്നത് പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ കൊടിയേറ്റം, നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെയും പുറപ്പാടും മുതലാണ്.

മേളവിസ്മയമില്ലാതെ പെരുവനം നടവഴി


ഇന്നലെയായിരുന്നു പെരുവനം പൂരം. ആറാട്ടപുഴ പൂരത്തിന്റെ വിലയിരുത്തൽ എന്ന് വിശേഷിക്കപ്പെടുന്ന പെരുവനം ക്ഷേത്രത്തിലെ വലിയവിളക്ക് ആളനക്കമോ മേളപ്പെരുക്കമോ ഇല്ലാതെ കടന്ന് പോയി. 18 ദേവീദേവന്മാരാണ് പെരുവനം പൂരത്തിൽ പങ്കെടുക്കാറ്. പാണ്ടിയും പഞ്ചാരിയും കൊട്ടിത്തിമിർക്കുന്ന ഒന്നാണ് പെരുവനം പൂരം. ഒപ്പം ചേർപ്പ് ഭഗവതിയുടെ പഞ്ചവാദ്യവും. നെട്ടിശേരി ശാസ്താവിന്റെയും നാങ്കുളം ശാസ്താവിന്റെ വരവ് മുതൽ ഇന്ന് പുലർച്ചെ ആറാട്ടുപുഴ ശാസ്താവും ചേർപ്പ് ഭഗവതിയും ഉപചാരം ചൊല്ലി പിരിയുന്നത് വരെ നീണ്ടു നിൽക്കുന്നതാണ് പെരുവനം പൂരം.

വലിയ നഷ്ടബോധം


ജീവിതത്തിൽ വലിയൊരു നഷ്ടം സംഭവിച്ച പ്രതീതിയാണ് വാദ്യകലാകാരന്മാരെ സംബന്ധിച്ച് ഈ ദിനങ്ങൾ. പൂർവികർ പോലും പറഞ്ഞ് കേട്ടിട്ടില്ല പെരുവനം , ആറാട്ടുപുഴ പൂരങ്ങൾ മുടങ്ങിയത്. ഓർമ്മ വച്ച കാലം മുതൽ പൂരത്തിന്റെ ഭാഗമാണ്.


പെരുവനം കുട്ടൻ മാരാർ

കൂടിയാലോചന നടത്തും


പൂരം മുടങ്ങിയതിന് പ്രതിവിധി സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് തന്ത്രി സമൂഹവും ദേവസ്വം ബോർഡുമാണ്. ഇത് സംബന്ധിച്ച തീരുമാനം അവർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ


അഡ്വ. കെ.സുജേഷ്, ക്ഷേത്രോപദേശക സമിതി സെക്രട്ടറി