തൃശൂർ : നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിശുദ്ധവാര തിരുക്കർമ്മങ്ങൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ, നടത്തേണ്ടതാണെന്ന് തൃശൂർ അതിരൂപത മെത്രോപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. പങ്കെടുക്കുന്നവരുടെ എണ്ണം അഞ്ച് പേരിൽ താഴെയാവണം.

ഓശാന ഞായറാഴ്ചയിലെ വിശുദ്ധ ബലിയിലും തിരുക്കർമ്മങ്ങളിലും പങ്കെടുക്കുന്നവർക്ക് മാത്രം കുരുത്തോലകൾ ആശീർവദിച്ചാൽ മതിയാകും. പെസഹാ വ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷ ഒഴിവാക്കണം. പീഡാനുഭവ വെള്ളിയാഴ്ച കുരിശിന്റെ വഴിയും പരിഹാരപ്രദക്ഷിണവും ദൈവാലയത്തിന് പുറത്ത് നടത്താൻ പാടില്ല. വലിയ ശനിയാഴ്ചയിലെ തിരുക്കർമ്മങ്ങൾ നടത്തുമ്പോൾ ജനങ്ങൾക്ക് നൽകാൻ വേണ്ടി വെള്ളം വെഞ്ചരിക്കേണ്ടതില്ല. ഉയിർപ്പു തിരുനാളിന്റെ കർമ്മങ്ങൾ രാവിലെയാണ് നടത്തേണ്ടത്. മന:സമ്മതവും വിവാഹവും നടത്തേണ്ടിവരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ച്, അംഗസംഖ്യ പരിമിതപ്പെടുത്തി മാത്രം നടത്തേണ്ടതാണെന്നും മെത്രോപൊലീത്ത അറിയിച്ചു.