neeravil

തൃശൂർ: രാവിലെ വെറും വയറ്റിൽ മദ്യം കഴിച്ചിരുന്ന കാലമുണ്ടായിരുന്നു. ഞാനല്ല, എന്നെയാണ് മദ്യം കഴിക്കുന്നതെന്ന് തോന്നിയപ്പോൾ ഒറ്റയടിക്ക് പറഞ്ഞു- 'കട്ട്'. നാടകത്തിന്റെയും സിനിമയുടെയും ലഹരിക്കൊപ്പം മദ്യവും മനസിന്റെ അണിയറയിൽ ആടിക്കൊണ്ടിരുന്ന ഭൂതകാലത്തെ അതിജീവിച്ച കഥ ലോക്ക്ഡൗൺ കാലത്ത് പങ്കിടുകയാണ് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ.

''മദ്യം കഴിക്കില്ലെന്ന് അവനവൻ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് തിരിച്ചറിയുകയായിരുന്നു. അഞ്ചാറ് വർഷങ്ങൾക്കു മുമ്പാണത്. രണ്ടുദിവസം മിണ്ടാതെ വീട്ടിലിരുന്നു. ഉറക്കം വന്നില്ല, തലയ്ക്കുള്ളിലൂടെ എന്തോ സഞ്ചരിക്കുന്നപോലെ തോന്നി. കൈ വിറയൽ. ഹാംഗ് ഓവർ മാറ്റാൻ മദ്യം തന്നെ വേണമെന്ന ചിന്ത. ഫോൺ കാൾ വരുമ്പോൾ ഞെട്ടും. ഒടുവിൽ, പതുക്കെ നോർമലായി. മൂന്ന് ദിവസത്തെ പ്രശ്നം മാത്രം. അത് അതിജീവിക്കാൻ കഴിഞ്ഞാൽ വിജയിച്ചു. മദ്യം വേണ്ടെന്ന് വയ്ക്കാൻ എല്ലാവർക്കും കഴിയുമെന്നതാണ് സത്യം. മനസിനു സ്വയം ചികിത്സ വേണം. ഡോക്ടർമാരുടെയും കൗൺസിലർമാരുടെയും സഹായവും തേടാം. വിടുതൽ ലക്ഷണങ്ങൾ എല്ലാ ആസക്തികൾക്കുമുണ്ടാകും. അതിനെ അതിജീവിക്കുക എന്നതു മാത്രമാണ് പോംവഴി.
കിട്ടില്ല എന്ന് തോന്നിയാൽ അതിജീവിക്കേണ്ടി വരുമെന്നതാണ് സത്യം. സൈലൻസറിനു ശേഷം പുതിയൊരു സിനിമയ്ക്കായുളള എഴുത്തിന് ശ്രമിക്കുമ്പോഴാണ് വൈറസ് ഭീതി ഉണ്ടായത്. ഈ ഭീതിക്കിടയിൽ എഴുത്ത് നടത്താനാവുന്നില്ലെന്ന് മാത്രം.''

പ്രിയനന്ദനൻ പ്രതിരോധിച്ച വഴികൾ

ധാരാളം വെള്ളം കുടിച്ച് വീട്ടിലിരുന്നു

കുറേ നേരം ചുരുണ്ടുകൂടി കിടന്നു

ഫോൺ ഓഫാക്കി ബന്ധങ്ങൾ ഒഴിവാക്കി

മനസിനെ ശക്തമാക്കി പാകപ്പെടുത്തി

ആത്മഹത്യയ്ക്ക് കാരണങ്ങൾ വേറെ...

മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തുവെന്ന് പറയുന്നത് വെറുതേയാണ്. വേറെ കുറേ കാരണങ്ങളുണ്ടാകും. പക്ഷേ ഇത് ഒരു കാരണമാക്കുന്നുവെന്ന് മാത്രം. കേൾക്കുന്നവർ അത് പൊലിപ്പിച്ചെടുക്കുകയാണ്. സത്യത്തിൽ, മദ്യപിക്കുമ്പോഴാണ് എനിക്ക് ആത്മഹത്യാചിന്ത ഉണ്ടായിട്ടുള്ളത്.

ലബ്ധ പ്രതിഷ്ഠരായവരെക്കുറിച്ച് മദ്യാസക്തിയുമായി ബന്ധപ്പെട്ട കഥയുണ്ടാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. മദ്യപാനം നിറുത്തിയശേഷം ബോധവത്കരണത്തിനും മദ്യഷോപ്പ് പിക്കറ്റിംഗിനുമെല്ലാം വിളിച്ചിരുന്നു. പക്ഷേ, പോയിട്ടില്ല.