ചാലക്കുടി: കൊവിഡ് 19 ന്റെ ഭീതിയിൽ പുറത്തിറങ്ങരുതെന്ന് പറഞ്ഞിരുന്നാൽ കന്നുകാലികൾ പട്ടിണി കിടന്നു ചാകും. ഇക്കാര്യം തിരിച്ചറിഞ്ഞ് മേലൂരിലെ തീറ്റപ്പുൽ കൃഷിയിടത്തിൽ വിയർപ്പൊഴുക്കുകയാണ് ക്ഷീരസംഘം പ്രസിഡന്റ് വി.ഡി. തോമസ്. തീറ്റപ്പുൽ വിളയുന്ന ഇടങ്ങളിൽ രാവിലെയും വൈകീട്ടും ജനപ്രതിനിധി കൂടിയായ തോമസ് എത്തും. തുടർന്ന് ഇവയുടെ പരിചരണം. ഏറെക്കാലമായി ഇതു ദിനചര്യയാണെങ്കിലും ഇപ്പോൾ കൊവിഡ് 19 പ്രോട്ടോ കോളിൽ ഒതുങ്ങിയാണ് സേവനങ്ങൾ.
ചാലക്കുടി കെ.എസ്.ആർ.ടി ഡിപ്പോയ്ക്ക് സമീപമുള്ള കൃഷിയിടത്തിൽ സന്ധ്യാവേളയിലെ കൃഷിപരിപാലനത്തിന് പൊലീസിന്റെ പ്രത്യേക അനുമതിയുണ്ട്. ഇവിടുത്തെ കൃഷി വിജയക്കൊടി നാട്ടിയതാണ് തട്ടകത്തിലെ കൃഷിക്ക് പ്രചോദനം. നടത്തുരുത്ത് തുമ്പുങ്ങൽ പാടശേഖരിലെ ആറേക്കർ ചതുപ്പുനിലം കഴിഞ്ഞ രണ്ടരമാസമായി പച്ചപരവതാനി പുതച്ചു കിടക്കുന്നു. ഒപ്പം ആദ്യ വിളവെടുപ്പിനും പാകമായി. തലങ്ങും വിലങ്ങും തോടു കീറി വെളളം കെട്ടി നിറുത്തുന്നതിനാൽ ജലസേചനത്തിന്റെ ഭാരിച്ച സംഖ്യ സംഘത്തിന്റെ അലമാരയിലിരിക്കും. കെട്ടി നിറുത്തുന്ന തോട്ടിലെ വെള്ളം മറ്റൊരു ഉപോത്പ്പന്ന കൃഷിയ്ക്ക് പ്രയോജനപ്പെടുത്താൻ തോമസും കൂട്ടരും ആലോചിക്കുന്നുണ്ട്. മഴക്കാലം പിന്നിട്ടാൽ നിറയെ മത്സ്യക്കൃഷി ആരംഭിക്കും. ഇതോട് അനുബന്ധിച്ച് ആടുവളർത്തൽ തുടങ്ങാനും ലക്ഷ്യമിടുന്നു.
നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയാണ് നടത്തുരുത്തിലെ തീറ്റപ്പുൽക്കൃഷിയുടെ മുഖ്യവളം. അതുകൊണ്ടുതന്നെയാണ് ചതുപ്പു നിലമെങ്കിലും ഇത്രയും സ്ഥലം എക്കാലത്തേയ്ക്കും സംഘത്തിന് പാട്ടത്തുകയില്ലാതെ സ്വകാര്യ വ്യക്തികൾ നൽകിയതും. നാട്ടുകാരുടെ സഹകരണത്തോടെ നടത്തുരുത്തിൽ വിഷരഹിതമായ കൃഷികൾ തുടങ്ങുവാൻ ആലോചനയുണ്ടെന്ന് വി.ഡി. തോമസ് പറയുന്നു. കോവിഡ് കാലത്തെ കൃഷിപരിപാലനത്തിന് സഹായ ഹസ്തവുമായി പഞ്ചായത്തംഗം സി.കെ. വിജയനും വാർഡ് വികന സമിതി ചെയർമാൻ ജോയ് മൽപ്പാനും തോമസിന് ഒപ്പമുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ ശിരസാ വഹിക്കുമ്പോൾ കൂടെയുള്ള അന്യ സംസ്ഥാന തൊഴിലാളികളെ കൃഷിയിടത്തിലിറക്കാൻ തോമസേട്ടന് കഴിയുന്നില്ല. കൊവിഡിന്റെ ലക്ഷ്മണ രേഖ മറികടക്കാതെ മിണ്ടാപ്രാണികൾക്ക് അന്നം നൽകുന്ന ദൗത്യമാണ് ഈ അമ്പത്തിരണ്ടുകാരൻ ലക്ഷ്യമിടുന്നത്.