തൃപ്രയാർ: വേണ്ടത്ര അരി ലഭ്യമാക്കാത്തതിനെ തുടർന്ന് മിക്കവാറും റേഷൻ കടകളിൽ സൗജന്യറേഷൻ വിതരണം മുടങ്ങി. നാട്ടികയിലെ ഒരു കടയിലും സ്റ്റോക്കില്ല. വിവിധ കടകളിൽ രാവിലെ മുതൽ നല്ല തിരക്കായിരുന്നു. സ്റ്റോക്കുള്ള അരി ഉച്ചവരെ മാത്രമേ നൽകാൻ കഴിഞ്ഞുള്ളു. മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലരും അരി തീർന്നുവെന്നറിഞ്ഞ് നിരാശരായി തിരിച്ചുപോയത്. ഇനി രണ്ട് ദിവസം കഴിഞ്ഞേ അരിയെത്തൂവെന്ന് കടക്കാർ പറയുന്നു. കഴിഞ്ഞ മാസം നൽകിയ അരിയിൽ സ്റ്റോക്കുള്ളതാണ് രണ്ടു ദിവസമായി കൊടുത്തുതീർത്തത്. ഇന്ന ദിവസം വിതരണം ചെയ്യുമെന്ന് നിർദ്ദേശം വന്നതാണ് തിരക്ക് കൂടാൻ കാരണമെന്ന് പറയുന്നു. അതേ സമയം പുതിയ സ്റ്റോക്ക് എത്തിയിട്ടുമില്ല. എട്ട് മാസത്തേക്കുള്ള സ്റ്റോക്ക് ഗോഡൗണുകളിൽ ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കെയാണ് അവ എത്താതിരിക്കുന്നത്. തീരദേശത്ത് മിക്ക പഞ്ചായത്തുകളിലും അരി വിതരണം മുടങ്ങി.
അരി കിട്ടിയവർക്കാവട്ടെ പലവ്യഞ്ജനങ്ങൾക്കായി മറ്റൊരു ദിവസം കൂടി പോകണം. അവ എന്ന് വിതരണം ചെയ്യുമെന്ന ഉത്തരവ് ഇതുവരെയും വന്നിട്ടില്ല. ഈ സാഹചര്യത്തിൽ അരി കിട്ടിയവരും കിട്ടാത്തവരും വീണ്ടും റേഷൻ കടയിലെത്തേണ്ടി വരും. അതേസമയം അരി ഉടൻ റേഷൻ കടകളിൽ എത്തിക്കുമെന്ന് ചാവക്കാട് താലൂക്ക് സപ്ളെ ഓഫീസ് അധികൃതർ പറഞ്ഞു. അതിനിടെ തളിക്കുളത്തെ ഒരു റേഷൻ കടയിൽ വിതരണം ചെയ്ത അരി തൂക്കത്തിൽ കുറവായിരുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്...