കയ്പമംഗലം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ കർശനമാക്കിയതിനെ തുടർന്ന് വിരസത അനുഭവിച്ചിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഉല്ലാസത്തിനായി കാരംസ് ബോർഡ് നൽകി കയ്പമംഗലം ജനമൈത്രി പൊലീസ്.
കാളമുറി, മൂന്നുപീടിക എന്നിവിടങ്ങളിലെ നാല് തൊഴിലാളി ക്യാമ്പുകളിൽ കാരംസ് ബോർഡുകൾ വിതരണം ചെയ്തു. കൂടാതെ കോവിഡ് പ്രതിരോധ സന്ദേശവും ഉപദേശവും പൊലീസ് പങ്കുവെച്ചു. അവരുടെ ഭക്ഷണ രീതിക്കനുസരിച്ച് ഭക്ഷ്യ വിഭവങ്ങളും, ലേബർ ക്യാമ്പുകളിൽ ഡീസലും എത്തിച്ചു നൽകി. നൂറ് കിലോ ആട്ടയും പലവ്യഞ്ജനവുമാണ് 4 ക്യാമ്പുകളിലായി നൽകിയത്. ലാൻഡ് 47 ഗ്രൂപ്പിന്റെ സഹകരണത്തോടെ കാരംസ് ബോർഡിന്റെയും, സാധനങ്ങളുടെയും വിതരണം കയ്പമംഗലം എസ്.ഐ ജയേഷ് ബാലൻ നിർവഹിച്ചു. എ.എസ്.ഐ സുരേന്ദ്രൻ, ബീറ്റ് ഓഫീസർ ഗോപകുമാർ, സി.പി.ഒ ലാൽജി, ലാൻഡ് 47 അംഗങ്ങളായ പി.എസ് ഷെജീർ, മുഹമ്മദ് ഷെഫീഖ്, ടി.കെ ഷിഫാസ്, എ.ബി ജമാൽ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.