വടക്കാഞ്ചേരി: കരുതി വെച്ചതെല്ലാം കഴിഞ്ഞു തുടങ്ങുകയും, കൈയിൽ കാശില്ലാതെയും വന്നതോടെ നാട്ടിൻപുറങ്ങളിൽ ചക്ക താരമായി. കൂലിവേലയെടുത്ത് കുടുംബം കഴിഞ്ഞിരുന്നവരെയാണ് പെട്ടെന്നുണ്ടായ ലോക് ഡൗൺ പ്രഖ്യാപനം വെട്ടിലാക്കിയത്. വീടുകളിൽ കരുതൽ തീരെ കുറവുള്ളവർ പുറത്തിറങ്ങാൻ പോലും കഴിയാതെ വന്ന സാഹചര്യത്തിൽ ചക്കയും, മാങ്ങയും മിക്ക കുടുംബങ്ങളിലും പ്രധാന ആഹാരമായി.
റേഷനരി ചോറും, ചക്ക പുഴുക്കും നാട്ടിൻപുറങ്ങളിലെ അടുക്കളയിൽ ദിവസേനയുള്ള വിഭവമാണ്. അടുത്തിടെ ജാക് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ചക്കയുടെ ഗുണവശങ്ങളും, ചക്ക കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങളെ കുറിച്ചും നടത്തിയ ക്ലാസുകളും പലർക്കും തുണയായി. ചക്ക ദോശ മുതൽ ചക്ക കട്ട്‌ലറ്റ് വരെയുള്ള മുപ്പതോളം വിഭവങ്ങൾ ചക്കയിൽ നിന്ന് ഉണ്ടാക്കാനാകും. ചക്കയുടെ സീസൺ ആകുന്നതിനു മുമ്പു തന്നെ അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാനായി അഡ്വാൻസ് കൊടുത്ത കച്ചവടക്കാർ ചക്ക കയറ്റി അയക്കാൻ കഴിയാതെ വന്നതോടെ ഇവിടെത്തന്നെ വിപണി കണ്ടെത്തേണ്ട അവസ്ഥയിലുമെത്തി. വേനൽച്ചൂടിൽ മൂത്ത് പാകമെത്തിയ ചക്കയെ കഴിയും വിധം പ്രയോജനപ്പെടുത്തുകയാണ് വീട്ടമ്മമാർ..