കൊടുങ്ങല്ലൂർ: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ അവലോകന യോഗം നടത്തി. നഗരസഭയിലെ ആശുപത്രികൾ സന്ദർശിച്ച് നടത്തിയ യോഗങ്ങളിൽ ചെയർമാനോടൊപ്പം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ് കൈസാബും പങ്കെടുത്തു. താലൂക്ക് ഗവ.ആശുപത്രിയിൽ നടത്തിയ യോഗത്തിൽ മരുന്നുകൾ, പ്രതിരോധ സാമഗ്രികൾ എന്നിവ ലഭ്യമാണെന്ന് സൂപ്രണ്ട് ഡോ. ടി.വി റോഷ് വ്യക്തമാക്കി. വാർഡുകളിൽ സന്ദർശകരെ കർശനമായി നിരോധിക്കും.

87 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 40 പേരുടെ സാമ്പിളുകൾ അയച്ചതിൽ 39 പേരുടെയും നെഗറ്റീവ് ആണ്. ഒരാളുടെ ഫലം ലഭിക്കുവാനുണ്ട്. ശരാശരി 450 പേരാണ് ഒ.പിയിലുള്ളത്. മേത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ ഡോ. ഗായത്രി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. 113 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഒരാളുടെ സാമ്പിൾ അയച്ചിരുന്നത് നെഗറ്റീവ് ആണ്. ദിവസം 50 പേർ ശരാശരി ഒ.പിയിൽ എത്തുന്നുണ്ട്. ആവശ്യമായ മരുന്നിന് തനത് ഫണ്ടിൽ നിന്ന് പണം നൽകുമെന്നും ചെയർമാൻ അറിയിച്ചു. ആനാപ്പുഴ അർബൻ ആരോഗ്യ കേന്ദ്രത്തിൽ ഡോ. ഫാത്തിമ, ഡോ. ആബിന എന്നിവർ പങ്കെടുത്തു. ദിവസം ശരാശരി 50 പേരാണ് ഒ.പിയിൽ വരുന്നത്‌. ആശുപത്രിയിൽ താമസിക്കുന്ന ജീവനക്കാർക്ക് ഭക്ഷണം സമൂഹ അടുക്കളയിൽ നിന്ന് എത്തിക്കുന്നതിന് ഏർപ്പാടാക്കുമെന്നും ഏത് അടിയന്തര സാഹചര്യങ്ങളും നേരിടുവാനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും സജ്ജമാക്കിയതായും ചെയർമാൻ പറഞ്ഞു.