തൃശൂർ: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗുരുതര രോഗം ബാധിച്ചവർക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ എത്തിക്കാൻ കേരള പൊലീസ്. ഹൈവേ പട്രോൾ വാഹനങ്ങളുൾപ്പെടെ പ്രത്യേക വാഹന സൗകര്യം ഇതിനായി ഉപയോഗിക്കും. ഈ സംവിധാനം പ്രയോജനപ്പെടുത്താൻ പൊതുജനങ്ങൾക്ക് പൊലീസിൻ്റെ 112 എന്ന നമ്പറിൽ ബന്ധപ്പെടാം. രോഗിയുടെ ആവശ്യമനുസരിച്ച് രോഗിയുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അതത് പൊലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പൊലീസ് ശേഖരിച്ച ശേഷം നോഡൽ ഓഫീസറെ വിവരം അറിയിക്കും. തുടർന്ന് നോഡൽ ഓഫീസർ നൽകുന്ന നിർദ്ദേശപ്രകാരം പ്രത്യേക വാഹനത്തിലോ ഹൈവേ പെട്രോൾ വാഹനങ്ങളിലോ മരുന്നുകൾ നിർദ്ദിഷ്ടസ്ഥലത്ത് എത്തിക്കും. ദക്ഷിണമേഖലാ ഐ.ജി ഹർഷിതാ അത്തല്ലൂരിയാണ് സംസ്ഥാനതല നോഡൽ ഓഫീസർ. തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയും കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറും മേൽനോട്ടം വഹിക്കും. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ്, കൊച്ചിയിലെ സെൻട്രൽ പൊലീസ് സ്റ്റേഷൻ എന്നിവ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവർത്തിക്കും. ജില്ലയ്ക്ക് അകത്താണ് മരുന്നുകൾ എത്തിക്കേണ്ടതെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അവ ശേഖരിച്ച് ജനമൈത്രി പോലീസ് വഴി നൽകും.