തൃശൂർ: " ആയുർ രക്ഷ " പദ്ധതിയുടെ ഭാഗമായി നിയമപാലകരുടെ ആരോഗ്യ സംരക്ഷണവുമായി ഭാരതീയ ചികിത്സ വകുപ്പ്. നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് തൃശൂർ കോർപറേഷൻ പരിധിയിലെ എല്ലാ പൊലീസുകാർക്കും ഔഷധം നൽകുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ നിർവഹിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഔഷധങ്ങൾ ജോലിസ്ഥലത്തേക്ക് എത്തിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ സലജകുമാരി അറിയിച്ചു.
കഠിനമായ ചൂടിൽ മണിക്കൂറുകളോളം ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഷഡംഗ ചൂർണ്ണം ഇട്ട് തിളപ്പിച്ചാറിയ വെള്ളം ഔഷധ പാനീയമായി നൽകുമെന്ന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എൻ.വി ശ്രീവൽസ് അറിയിച്ചു. പൊലീസ് അക്കാഡമി പരിസരം അണുവിമുക്തം ആകുന്നതിന് അപരാജിത ധൂമചൂർണ്ണം വിതരണം ചെയ്തു. അക്കാഡമിയിലെ പൊലീസ് ട്രെയിനികൾക്കുള്ള ഔഷധങ്ങൾ ഗവൺമെന്റ് വില്ലടം ആയുർവേദ ആശുപത്രിയിൽ നിന്നും ഡോ. സ്‌മിനിയുടെ നേതൃത്വത്തിൽ ലഭ്യമാക്കി. പദ്ധതിയുടെ ഭാഗമായി വൈദ്യരത്നം ആയുർവേദ കോളേജിന്റെ സഹകരണത്തിൽ ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് പ്രതിരോധമരുന്ന് നൽകി. ഉദ്ഘാടനം ചീഫ് വിപ്പ് കെ. രാജൻ നിർവഹിച്ചു.