ചാലക്കുടി: വെള്ളിയാഴ്ച മുതൽ ചാലക്കുടിയിൽ കൊവിഡ് 19ന്റെ പ്രതിരോധ നിയന്ത്രണങ്ങൾ ശക്തമാക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥ ജന പ്രതിനിധികളുടെ സംയുക്ത യോഗം തീരുമാനിച്ചു. കൊവിഡ് സ്ഥിരീകരിച്ച കോടശേരി പഞ്ചായത്തിലെ ഒരു കുട്ടിയുമായി സമ്പർക്കമുണ്ടായെന്ന് സംശയിക്കുന്ന കച്ചവടക്കാരൻ മാർക്കറ്റിന്റെ വിവിധ ഇടങ്ങളിൽ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതു പ്രകാരം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൊതു ജനങ്ങൾക്ക് മാർക്കറ്റിൽ എത്തുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തി.

ഏതുവിധ സാധനങ്ങൾ ആവശ്യമുള്ളവർ നഗരസഭ കൗൺസിലർ മുഖേന വളണ്ടിയർമാരെ അറിയിക്കണം. പണം നൽകുന്ന മുറയ്ക്ക് വളണ്ടിയർമാർ വീടുകളിൽ സാമഗ്രികൾ എത്തിക്കും. അനാവശ്യമായി ആളുകൾ ചന്തയിൽ എത്തുന്നുവെന്ന പൊലീസ് റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് തീരുമാനം. കലിക്കൽക്കുന്നിലെ വ്യാപാരി എത്തിയ മാർക്കറ്റിലെ ആറു കടകൾ നഗരസഭയുടെ ആരോഗ്യ വിഭാഗം അടപ്പിച്ചു. വൈകീട്ട് മാർക്കറ്റും പരിസരവും ഫയർഫോഴ്‌സും നഗരസഭ ജീവനക്കാരും ചേർന്ന അണുവിമുക്തമാക്കി. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സെക്രട്ടറി എം.എസ്. ആകാശ്, ഫയർഫോഴ്‌സ് ഓഫീസർ സി.ഒ. ജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
കലിക്കൽക്കുന്നിലെ കച്ചവടക്കാരനെ ചാലക്കുടിയിൽ ആശുപത്രിയിൽ എത്തിച്ചു വിശമായി പരിശോധിക്കുകയും സ്രവം ശേഖരിക്കുകയും ചെയ്തു. പിന്നീട് ഇയാളെ വീ്ട്ടിൽ നിരീക്ഷണത്തിലാക്കി. സ്രവ പരിസോധനയുടെ ഫലം എത്തിയ ശേഷമായിരിക്കും തുടർ നടപടികൾ.