കാഞ്ഞാണി : കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ കാഞ്ഞാണി ആനക്കാട് അഞ്ചാം വാർഡിൽ താറാവ് തൊഴിലാളികളുടെ നരകജീവിതം. ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ഷെഡ് വെച്ചാണ് ഇവരുടെ താമസം. മണലൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിമൽ കുമാർ, രാജേഷ്, സജി, വാസുദേവൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് ഇവർക്ക് കൊവിഡ് 19ഉം ആയി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ സ്ഥല ഉടമയുടെ അനുവാദം ഇല്ലാതെയാണ് താമസം തുടങ്ങിയെന്ന് പറഞ്ഞ് ഇവരെ ഷെഡുകളിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമം ഇവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മണലൂർ കോൾപ്പടവുകളിൽ താറാവിനെ തീറ്റാൻ വന്നവരാണ് ഇവർ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 25 പേരുണ്ട്. രണ്ട് മൂന്ന് ഷെഡുകളിലായിട്ടാണ് താമസം. താറാവ് കർഷകനായ മൂക്കാട്ടുകരയിലെ വിൻസെന്റൂം പൂത്തുരിലെ ഡേവിസുമാണ് അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്നത്.
ഭക്ഷണം പാകം ചെയ്യാനും കുടിവെള്ളത്തിനും അയൽവീടുകളെയാണ് ആശ്രയിക്കുന്നത്. അതിനിടെ സ്ഥല ഉടമ ഷെഡ് പൊളിക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. താറാവ് തൊഴിലാളികൾക്ക്, നാട്ടിലേക്ക് പോകാൻ സാധിക്കാത്തതിനാൽ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
..................
വാടകയ്ക്ക് താമസ സൗകര്യമൊരുക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരും തരാൻ തയ്യാറാകുന്നില്ല.
എം.കെ വിൻസെന്റ്
താറാവ് കർഷകൻ
..............
അടിയന്തരമായി താമസ സൗകര്യം ഒരുക്കി കൊടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
വിമൽ കുമാർ.
ഹെൽത്ത് ഇൻസ്‌പെക്ടർ