തൃശൂർ: മാലിന്യ സംസ്‌കരണം കാലങ്ങളായി കീറാമുട്ടിയായി തുടരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൊവിഡ് വൈറസ് വ്യാപനകാലം പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. കൊവിഡ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച സമയം മുതൽ പൊതുജനങ്ങൾ മാസ്‌കുകളും കൈയുറകളും ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം അലക്ഷ്യമായി വലിച്ചെറിയുന്നവരും ഏറെ.


ശാസ്ത്രീയമായി ഇവ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കില്ല. കത്തിച്ചു കളയാനുള്ള ശ്രമങ്ങളാണ് പലയിടങ്ങളിലും നടക്കുന്നത്. കൈയുറകളും മറ്റും അശാസ്ത്രീയമായി കത്തിച്ചാൽ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴി തെളിക്കും. എല്ലാ ആശുപത്രികളിലും ബയോ മെഡിക്കൽ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനമുണ്ട്. എന്നാൽ, റോഡുകളിലെ മാലിന്യം ആശുപത്രിയിൽ സംസ്‌കരിക്കാനാവില്ല.
റോഡുകളിലെ ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പമാണ് മാസ്‌കുകളും കൈയുറകളുമുള്ളത്. മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്കും ആരോഗ്യഭീഷണി ഉയർത്തുന്നതാണ് ബയോ മെഡിക്കൽ അവശിഷ്ടങ്ങൾ.

ഇത്തരം മാലിന്യം കൈകാര്യം ചെയ്യാൻ ശുചീകരണ തൊഴിലാളികൾക്ക് ബോധവത്കരണവും പരിശീലനവും നൽകിയിട്ടുമില്ല. വാർഡ് തലത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവർക്കും ഇതിന്റെ ഭീഷണിയെക്കുറിച്ച് ധാരണ നൽകേണ്ടതുണ്ട്.
ഫ്‌ളാറ്റുകളിലുള്ളവർ മാസ്‌കുകളും കൈയുറകളും മറ്റും ജൈവ മാലിന്യങ്ങൾക്കൊപ്പമാണ് നിക്ഷേപിക്കുന്നത്. വീടുകളിൽ താമസിക്കുന്നവർ എല്ലാം കൂട്ടിച്ചേർത്ത് കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യും. രണ്ടും അപകടകരമാണ്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും ഇത്തരം മാലിന്യങ്ങൾ തള്ളുന്നതും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. വേനൽമഴയിൽ ഇത് പലതരം രോഗങ്ങളുടെ വ്യാപനത്തിനും ഇടയാക്കും. മെഡിക്കൽ മാലിന്യങ്ങളുടെ സംസ്‌കരണം സംബന്ധിച്ച് വിശദവിവരങ്ങൾക്കും സംശയനിവാരണത്തിനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ജില്ലാ കോ ഓർഡിനേറ്ററെ ബന്ധപ്പെടണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

....

'മാസ്‌കും കൈയുറകളും എല്ലാവരും ധരിക്കേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ളതാണ്. അലക്ഷ്യമായി ഇവയെല്ലാം വലിച്ചെറിയുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. അത്തരം വസ്തുക്കൾ കത്തിച്ചുകളയാൻ മാത്രമേ തത്കാലം കഴിയൂ.

' അജിത ജയരാജൻ, മേയർ, തൃശൂർ കോർപറേഷൻ

....

ഹരിതകേരളം മിഷൻ നിർദ്ദേശങ്ങൾ :

@ ഉപയോഗിച്ച മാസ്‌കുകളും കൈയുറകളും അണുവിമുക്തമാക്കി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം നശിപ്പിക്കണം.
@ പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്‌വസ്തുക്കൾ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യാതെ കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കണം.

@ അഴുകുന്ന മാലിന്യം ഉറവിടത്തിൽ സംസ്‌കരിച്ചാൽ മഴ പെയ്യുമ്പോൾ പടരുന്ന ഡെങ്കിയും ചിക്കുൻഗുനിയയും ഫലപ്രദമായി തടയാം
@ അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങളിലെയും കമ്യൂണിറ്റി കിച്ചനുകളിലെയും മാലിന്യസംസ്‌കരണത്തിൽ ശ്രദ്ധ വേണം..