തൃശൂർ: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അവരുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി ഫണ്ട് വഴി കൂടുതൽ പണം സമാഹരിക്കുന്നതിനായി ശ്രമിക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ്. കളക്ടറേറ്റ് ചേംബറിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.

ഇതിലൂടെ ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനം കൂടുതൽ സുഗമമായി നടത്താൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനായി ജി.എസ്.ടി കമ്മിഷണർ, ചേംബർ ഒഫ് ഇൻഡസ്ട്രീസ്, ചേംബർ ഒഫ് കോമേഴ്‌സ് പ്രതിനിധികൾ, ജ്വല്ലറി ഉടമകൾ, ബോയ്‌ലേഴ്‌സ് ആൻഡ് ഫെർട്ടിലൈസർ ഉടമകൾ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ എന്നിവരുടെ യോഗം തിങ്കളാഴ്ച 11 ന് കളക്ടറുടെ ചേംബറിൽ നടക്കും. യോഗത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ ജനാർദ്ദനൻ സി.എ, ജില്ലാ വ്യവസായ വകുപ്പ് സീനിയർ മാനേജർ ഇൻചാർജ് സജി . എസ്, ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ അനു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.